KERALA

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: ആർ. ശ്രീലേഖയ്ക്ക് വക്കീൽ നോട്ടീസ്

കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാറിന്റെ പരാതിയിലാണ് നടപടി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ. ശ്രീലേഖയ്ക്ക് വക്കീൽ നോട്ടീസ്. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാറിന്റെ പരാതിയിലാണ് നടപടി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. അധിക്ഷേപ പരാമര്‍ശത്തില്‍ നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലും ശ്രീലേഖയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. കൊല്ലം റൂറൽ എസ്പിയ്ക്ക് പരാതി നല്‍കിയത്.

പുനലൂരില്‍ നടന്ന ബിജെപി ജനസഭ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് രാഹുലിനെതിരെ ശ്രീലേഖയുടെ വിവാദ പരാമര്‍ശം. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധിയുടെ സമരത്തെ ശ്രീലേഖ വിമര്‍ശിച്ചു. 'രാഹുല്‍ഗാന്ധി പറയുന്നത് താണ്ഡവം ആണെന്നാണ്. താണ്ഡവം എന്നത് വേറെ ലെവലിലുള്ളതാണ്. എന്നാല്‍ മയക്കുമരുന്ന് ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളമില്ലേ, ആ താണ്ഡവമാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്' എന്നാണ് ശ്രീലേഖ പറഞ്ഞത്.

'സംസ്ഥാനത്ത് ദുര്‍ഭരണം തുടരുകയാണ്. അതിനിടെയാണ് മന്ത്രിമാരും എംഎല്‍എമാരും എംപിമാരും കൂടി പ്രക്ഷോഭത്തിനായി പാറ്റകളുടെ കൂടെ ചേര്‍ന്നിരിക്കുന്നു. ഭാരതത്തിന്റെ ഭരണഘടനയും പിടിച്ച് പ്രക്ഷോഭം നടത്താന്‍ പാറ്റകള്‍ക്കൊപ്പം കോണ്‍ഗ്രസും ചേര്‍ന്നിരിക്കുകയാണ്. നാണമില്ലേ ഇവര്‍ക്കൊക്കെ' എന്നും ശ്രീലേഖ, പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

SCROLL FOR NEXT