സ്വര്‍ണപ്പാളി വിവാദത്തിന് പിന്നാലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകള്‍ അവസാനിപ്പിച്ച് ദേവസ്വം ബോര്‍ഡ്. പോറ്റി മുഖേനയുള്ള വാറന്റി ദേവസ്വം വേണ്ടെന്നു വച്ചു. ഇനി സ്വന്തം നിലയില്‍ നേരിട്ട് ഇടപാടുകള്‍ നടത്തും.
2019ല്‍ ചെന്നൈയില്‍ സ്വര്‍ണം പൂശിയ ശേഷം പോറ്റിയുടെ പേരിലാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് വാറന്റി എഴുതിയത്. 40 വര്‍ഷത്തേക്കായിരുന്നു വാറന്റി. പോറ്റിയുടെ തട്ടിപ്പ് പുറത്ത് വന്നതോടെയാണ് ഇത് ഉപേക്ഷിക്കാന്‍ തീരുമാനമായത്. ഇതുവഴി 18 ലക്ഷം രൂപ ബോര്‍ഡിന് നഷ്ടം വരും.
അതേസമയം സ്വര്‍ണപ്പാളി പ്രദര്‍ശന വസ്തുവാക്കിയിട്ടില്ലെന്നും താന്‍ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കില്‍ നടപടി എടുക്കട്ടെയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.
സ്വര്‍ണപീഠം നഷ്ടപ്പെട്ടു എന്ന് താന്‍ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ പറഞ്ഞാല്‍ അപ്പോള്‍ ഹാജരാകാമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കി. ചെമ്പുപാളി എന്നാണ് തനിക്ക് തന്ന ഡോക്യുമെന്റില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണപ്പാളി പ്രദര്‍ശന വസ്തു ആക്കിയിട്ടില്ലെന്നും ജയറാമിന്റെ വീട്ടില്‍ കൊണ്ടു പോയിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് വ്യക്തമാക്കി.
എന്നാല്‍ ദ്വാരപാലക ശില്‍പ വിവാദത്തില്‍ ദേവസ്വം ബോര്‍ഡിന് അടിമുടി വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രേഖകളില്‍ സ്വര്‍ണപ്പാളി ചെമ്പ് പാളിയാക്കിയത് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരാണ്. ദേവസ്വം കമ്മീഷണറും എക്‌സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ചേര്‍ന്നാണ് 2019ല്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത്. ശില്‍പങ്ങളില്‍ സ്വര്‍ണ പാളിയെന്ന മുന്‍ രേഖകള്‍ അവഗണിച്ചാണ് ഈ അസാധാരണ നീക്കം.
എന്നാല്‍ സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഒന്നും ഒളിക്കാനില്ലെന്നും വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തോടെയാണ് വിവാദം ഉണ്ടായത്. സ്വര്‍ണപ്പാളി വിവാദം പ്രതിപക്ഷം സുവര്‍ണാവസരമായി കണ്ടു. കോടതിയില്‍ സമഗ്രാന്വേഷണം ആവശ്യപ്പെടുമെന്നും പി.എസ്. പ്രശാന്ത് വ്യക്തമാക്കി.