KERALA

"ഞങ്ങളുടെ കൈകൾ ശുദ്ധമാണ്, ദേവസ്വം ബോർഡിന് വീ‌ഴ്‌ച പറ്റിയിട്ടില്ല"; സ്വർണപ്പാളി വിവാദത്തിൽ പി. എസ്. പ്രശാന്ത്

കോടതിയിൽ സമഗ്രാന്വേഷണം ആവശ്യപ്പെടുമെന്നും പി.എസ്. പ്രശാന്ത് വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: സ്വർണ്ണപ്പാളി വിഷയത്തിൽ വിവാദങ്ങൾ തുടരുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ്. പ്രശാന്ത്. ആഗോള അയ്യപ്പ സംഗമത്തോടെയാണ് വിവാദം ഉണ്ടായത്. സ്വർണ്ണപ്പാളി വിവാദം പ്രതിപക്ഷം സുവർണ്ണാവസരമായി കണ്ടുവെന്നും പ്രശാന്ത് പറഞ്ഞു. ഈ വിഷയത്തിൽ ഞങ്ങൾക്ക് ഒന്നും ഒളിക്കാനില്ല. ദേവസ്വം ബോർഡിന് വീ‌ഴ്‌ച പറ്റിയിട്ടില്ലെന്നും, കോടതിയിൽ സമഗ്രാന്വേഷണം ആവശ്യപ്പെടുമെന്നും പി.എസ്. പ്രശാന്ത് വ്യക്തമാക്കി.

ഉണ്ണികൃഷ്ണൻ പോറ്റിയെ ചൊല്ലിയാണ് ആരോപണങ്ങൾ കനക്കുന്നത്. എന്നാൽ ഇയാളുടെ ആരോപണങ്ങളെ പിന്തുണച്ച് കൊണ്ട് ക്ഷേത്രത്തിലെ നാല് കിലോ സ്വർണം കാണാതായെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചത്. എന്നാൽ ഇപ്പോൾ യാതൊരുവിധ പ്രതികരണത്തിനും പ്രതിപക്ഷനേതാവ് എന്താണ് തയ്യാറാകത്തതെന്നും പ്രശാന്ത് ചോദ്യമുന്നയിച്ചു. പ്രതിപക്ഷ നേതാവ് പറയുന്നത് വങ്കത്തരമാണെന്നും, ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കാര്യങ്ങൾ പഠിച്ചിട്ട് വേണം പറയാൻ എന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.

ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പതിപ്പിച്ചിനെ ചൊല്ലിയുള്ള നിർണായക വിവരങ്ങൾ ദേവസ്വം വിജിലൻസ് പുറത്തുവിട്ടിരുന്നു. 1998ല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പതിപ്പിച്ചു. എന്നാൽ 2019ല്‍ ശില്‍പ്പങ്ങള്‍ ചെമ്പെന്ന് ഔദ്യാഗികമായി രേഖപ്പെടുത്തുകയായിരുന്നു. 2019 -ൽ ശില്പങ്ങൾ ചെമ്പെന്ന് രേഖപ്പെടുത്തിയ അഡ്മിനിസ്ട്രേറ്റ് ഓഫീസറുടെ റിപ്പോർട്ടും വിജിലൻസ് ലഭിച്ചു.

അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തേക്കില്ലെന്ന് റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.  ചോദ്യ ചെയ്യലിനായി ഇതുവരെ നോട്ടീസ് നൽകാത്തതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ ഇന്ന് ഉണ്ടാകില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

സ്വർണപ്പാളി വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പന്തളം കുടുംബവും രംഗത്തെത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്താൽ സത്യാവസ്ഥ പുറത്തുവരുമെന്നും സ്പോൺസർമാരായി വരുന്നവർക്ക് കഴിവും സാമ്പത്തിക ശേഷിയും ഉണ്ടോ എന്ന് പരിശോധിക്കണമെന്നും പന്തളം കുടുംബം അറിയിച്ചിരുന്നു. അതേസമയം സ്വർണപ്പാളിയിലെ ദുരൂഹത ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും.

SCROLL FOR NEXT