പി.എസ്. പ്രശാന്ത് Source: News Malayalam 24x7
KERALA

ഒരു അവതാരങ്ങളുമായും ബന്ധമില്ല, പ്രതിപക്ഷം ആഗ്രഹിക്കുന്നത് ദേവസ്വം മന്ത്രിയുടെയും ബോർഡ് പ്രസിഡന്റിന്റെയും രക്തം: പി.എസ്. പ്രശാന്ത്

വിവാദത്തിലേക്ക് തന്ത്രിമാരെ വലിച്ചിഴയ്ക്കുന്നില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി ബോർഡിന് ബന്ധമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ദ്വാരപാലക ശിൽപ്പപാളിയിൽ സ്വർണം ഉണ്ടായിരുന്നുവെന്നത് സത്യമാണ്. തനിക്ക് പങ്കുണ്ടെങ്കിൽ പോലും ശിക്ഷിക്കട്ടെ. കോടതിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ദേവസ്വം വിജിലൻസ് എസ് പി 10ന് റിപ്പോർട്ട് സമർപ്പിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കട്ടെയെന്നും പി.എസ്. പ്രശാന്ത് പറ‍ഞ്ഞു.

വിവാദത്തിലേക്ക് തന്ത്രിമാരെ വലിച്ചിഴയ്ക്കുന്നില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. തന്ത്രിമാരും ബോർഡുമായി നല്ല ബന്ധത്തിലാണ് പോകുന്നത്. നടക്കുന്ന പ്രവർത്തനങ്ങൾ റെക്കോഡിക്കലായി ബോർഡിന്റെ കൈയ്യിലുണ്ട്. അത് അന്വേഷണ സമിതിക്ക് കൈമാറും. മുൻപ് എസ്പിക്ക് വിവരങ്ങൾ നൽകിയിരുന്നു. അതിനാൽ തന്നെ ആത്മവിശ്വാസത്തിലാണ് ബോർഡുള്ളത്-പി എസ് പ്രശാന്ത് പറഞ്ഞു. പുതിയ തന്ത്രിയും പഴയ തന്ത്രിയും തന്ന കത്തുകൾക്ക് രേഖയുണ്ടെന്നും അതൊന്നും പരസ്യപ്പെടുത്താനില്ലെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

കോടതി പ്രഖ്യാപിച്ച അന്വേഷണ സമിതിയിൽ തൃപ്തിയില്ലെങ്കിൽ പ്രതിപക്ഷ നേതാവ് പറയട്ടെ എന്നും പി.എസ്. പ്രശാന്ത്. ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും രക്തമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. ഏത് കോടീശ്വരന്റെ കൈയിലാണ് ഇതൊക്കെ കൊണ്ടുപോയതെന്ന് പ്രതിപക്ഷ നേതാവ് ഉണ്ണികൃഷ്ണൻ പോറ്റിയോട് ചോദിക്കണം. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും വരെ ബോർഡിനെ മണ്ഡലകാല ഒരുക്കങ്ങൾക്കായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.

SCROLL FOR NEXT