KERALA

എല്ലാം ക്രിസ്റ്റൽ ക്ലിയർ, മനസുകൊണ്ടോ പ്രവൃത്തികൊണ്ടോ തെറ്റ് ചെയ്തിട്ടില്ല; വസ്തുതകൾ ഹൈക്കോടതിയെ അറിയിക്കും: പി.എസ്. പ്രശാന്ത്

സ്വർണപ്പാളികൾ കൊടുത്തുവിടുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തിരുവാഭരണ കമ്മീഷർണക്ക് വീഴ്ചയുണ്ടായെന്നും പി.എസ്. പ്രശാന്ത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ ഹൈക്കോടതിയുടെ പരാമർശം വേദനാജനകമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. മനസുകൊണ്ടോ പ്രവൃർത്തി കൊണ്ടോ തെറ്റ് ചെയ്തിട്ടില്ല. ദേവസ്വം ബോർഡിൻ്റെ ഓരോ ഉത്തരവുകളും ക്രിസ്റ്റൽ ക്ലിയർ ആണ്. വസ്തുതകൾ ഹൈക്കോടതിയെ സ്റ്റാൻഡിങ് കൗൺസിൽ വഴി അറിയിക്കുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.

സ്വർണപ്പാളികൾ കൊടുത്തുവിടുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തിരുവാഭരണ കമ്മീഷർണക്ക് വീഴ്ചയുണ്ടായെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു. ദ്വാരപാലക ശിൽപ്പങ്ങൾ പൊട്ടിപ്പൊളിഞ്ഞത് കണ്ടപ്പോൾ 2024ലാണ് നിർദേശം നൽകിയത്. മകരവിളക്കിന് മുൻപ് മാറ്റണം എന്നാണ് പറഞ്ഞത്. എന്നാൽ അത് 2025 ആയത് തിരുവാഭരണ കമ്മീഷണർക്ക് ഉണ്ടായ ആശയക്കുഴപ്പം മൂലമാണ്. അദ്ദേഹം തന്നെയാണ് സ്മാർട്ട് ക്രിയേഷനുമായും ഉണ്ണികൃഷ്ണൻ പോറ്റിയുമായും സംസാരിച്ച് തിരുത്തിയത്. അതിൽ താൻ എങ്ങനെ പ്രതിയാകുമെന്നും പി.എസ്. പ്രശാന്ത് ചോദിച്ചു.

തിരുവാഭരണ കമ്മീഷണർ പ്രസിഡന്റിനോടോ ബോർഡിനോടോ ഇക്കാര്യം പറഞ്ഞിട്ടില്ല. താൻ കൃത്യമായാണ് കാര്യങ്ങൾ ചെയ്തത്. സ്പെഷ്യൽ കമ്മീഷണറെ അറിയിക്കുന്നതിൽ തനിക്ക് വീഴ്ചപ്പറ്റിയിട്ടുണ്ട്. അതിൽ ഹൈക്കോടതിയിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്പെഷ്യൽ കമ്മീഷണറെ അറിയിക്കേണ്ടത് ബോർഡ് പ്രസിഡന്റ് അല്ല. തിരുവാഭരണ കമ്മീഷണറാണ്. അതിൽ അദ്ദേഹത്തിന് വീഴ്ചയുണ്ടായി. ദേവസ്വം ബോർഡിൻ്റെയോ തൻ്റെ ഭാ​ഗത്തുനിന്നോ ഉണ്ണികൃഷ്ണൻ പോറ്റിയെയോ മുരാരി ബാബുവിനെയോ സഹായിക്കുന്ന നടപടി ഉണ്ടായിട്ടില്ല. അത് കോടതിയെ അറിയിക്കുമെന്നും പി.എസ്. പ്രശാന്ത് വ്യക്തമാക്കി.

SCROLL FOR NEXT