വി. എൻ. വാസവൻ  Source: Facebook
KERALA

ആഗോള അയ്യപ്പ സംഗമം; സുപ്രീം കോടതി വിധി ഏറെ സ്വാഗതാർഹം: മന്ത്രി വി. എൻ. വാസവൻ

ആഗോള അയ്യപ്പ സംഗമം നടത്തുന്നതിൽ രാഷ്ട്രീയം കാണുന്നവർക്ക് മാത്രമേ വിവാദവും പ്രതിഷേധവും ഉണ്ടാക്കേണ്ട കാര്യമുള്ളൂവെന്നും മന്ത്രി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതി വിധി ഏറെ സ്വാഗതാർഹമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ. സംഗമവുമായി മുന്നോട്ട് പോകാമെന്നാണ് ഹൈക്കോടതിയും അറിയിച്ചിരുന്നത്. അതുമായി ബന്ധപ്പെട്ട ചില നിബന്ധകളും മുന്നോട്ട് വച്ചിരുന്നു. ഇതുപോലെ തന്നെയാണ് ഇപ്പോൾ സുപ്രീം കോടതിയുടെ ഉത്തരവിലും വ്യക്തമാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം നടത്തുന്നതിൽ രാഷ്ട്രീയം കാണുന്നവർക്ക് മാത്രമേ വിവാദവും പ്രതിഷേധവും ഉണ്ടാക്കേണ്ട കാര്യമുള്ളൂ. രാഷ്ട്രീയം ഒരു വിഷയമല്ലെന്നും രാഷ്ട്രീയക്കാർ ഇതിനകത്ത് ഇടപെടുന്നില്ലെന്നും വാസവൻ പറഞ്ഞു. എല്ലാം മനസ്സിലാക്കിയ ശേഷമാണ് കേരള ഹൈക്കോടതി ഇതുമായി മുന്നോട്ടുപോകാം എന്ന് പറഞ്ഞത്. അത് തന്നെയാണ് സുപ്രീംകോടതി വിധിയിൽ നിന്നും വ്യക്തമാകുന്നത്.

എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ടു പോകണം എന്ന അഭിപ്രായമാണുള്ളത്. പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. 3000 പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്താൻ ആയിരുന്നു ആദ്യം ഉദ്ദേശിച്ചത്. എന്നാൽ രജിസ്ട്രേഷൻ വന്നപ്പോൾ 5000ത്തിൽ പരം ആളുകൾ ആയി വർധിച്ചു. 3000 പേരെയാണ് പങ്കെടുപ്പിക്കാൻ സാധിക്കുക. പങ്കെടുക്കേണ്ടവരെ മുൻഗണന അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

അതേസമയം, അയ്യപ്പ സംഗമത്തിന് എതിരാണ് എന്ന് പറഞ്ഞുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ഞങ്ങൾ അയ്യപ്പ സംഗമത്തിനെതിരാണ്. പരിപാടിയുടെ പേരിൽ നടക്കുന്നത് നാടകമാണ്. തെരഞ്ഞെെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നാടകം. ഇതിലൂടെ ജനങ്ങളെ വിഡ്ഢിയാക്കുകയാണ് ചെയ്യുന്നത്. ആരാണ് ശരിക്കും വിശ്വാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾ മനസിലാക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT