തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ കെ.സി. വേണുഗോപാൽ ഗ്രൂപ്പിൽ ഭിന്നത. നിലവിൽ ദേശീയ സെക്രട്ടറി ആയ ബിനു ചുള്ളിയിലിനെ അധ്യക്ഷൻ ആക്കുന്നതിനെതിരെ നിലപാടെടുത്ത് കെ. സി. ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സീനിയോറിറ്റി മാനദണ്ഡമാക്കി ഒ. ജെ. ജനീഷിന് പിന്തുണ നിൽക്കുകയാണ് ഇവർ. കെ.സി. പക്ഷത്ത് തന്നെ ഭിന്നത ഉടലെടുത്തതോടെ ദേശീയ നേതൃത്വം അവ്യക്തതയിൽ തുടരുകയാണ്.
ഇതിനിടെ അബിൻ വർക്കിക്കായി ഐ ഗ്രൂപ്പ് പരസ്യ പ്രതികരണം തുടങ്ങിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തിയ അബിൻ വർക്കിയെ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കണം എന്നുള്ളതാണ് ഇവരുടെ ആവശ്യം. അല്ലാത്തപക്ഷം ഐ ഗ്രൂപ്പിലെ കെഎസ്‌യു യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പരസ്യ പ്രതിഷേധത്തിന് ഇറങ്ങുമെന്നും മുന്നറിയിപ്പുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ സംസ്ഥാന അധ്യക്ഷന് പ്രഖ്യാപിക്കാൻ ഇരിക്കെയാണ് ഭിന്നതയും പരസ്യ പ്രതിഷേധവും.
പ്രധാനമായും ഐ ഗ്രൂപ്പ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയെ സംബന്ധിച്ച് ഉന്നയിക്കുന്നത് ഈ കാര്യങ്ങളാണ്:
1. കഴിഞ്ഞ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വ്യക്തികളെ അധ്യക്ഷ പദവിയിൽ പരിഗണിക്കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതാണ്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ചു കൊണ്ട് മത്സരിക്കാത്ത വ്യക്തിയെ നോമിനേറ്റ് ചെയ്യുന്നത് രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യത്തോടും അദ്ദേഹം മുൻകൈ എടുത്ത് നടത്തുന്ന സംഘടന തെരഞ്ഞെടുപ്പ് പ്രക്രിയയോടുമുള്ള വെല്ലുവിളിയാണ്.അങ്ങനെ ഉണ്ടായാൽ പരസ്യ പ്രതികരണവും ശക്തമായ പ്രതിഷേധവും ഉണ്ടാകും.
2. കേരളം പോലെ വിദ്യാഭ്യാസപരമായി ഉന്നതിയിൽ നിൽക്കുന്ന സംസ്ഥാനത്തെ യുവജന സംഘടനയെ പുതിയ കാലത്ത് നയിക്കേണ്ടത് അടിസ്ഥാന ബിരുദം പോലും ഇല്ലാത്ത ആളുകൾ ആണോ എന്ന ചോദ്യം സാക്ഷര കേരളത്തിന് മുൻപിലുണ്ട്. അത് കൊണ്ട് ഈ വ്യക്തികളുടെ വിദ്യാഭ്യാസ യോഗ്യത അത് കൊണ്ട് തന്നെ പരിശോധിക്കപ്പെടേണ്ടതാണ്.
3. കഴിഞ്ഞ രണ്ട് വർഷമായി ഒട്ടേറെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിന്റെ ക്രൂര മർദനത്തിനും, കേസുകൾക്കും, ജയിലുകൾക്കും വിധേയരായപ്പോൾ കഴിഞ്ഞ രണ്ട് വർഷമായി ഒരൊറ്റ യൂത്ത് കോൺഗ്രസ് പരിപാടിയിൽ പോലും പങ്കെടുക്കാത്ത വ്യക്തികളെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആക്കാൻ ശ്രമിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നത്.
4. 39ാം വയസിൽ യൂത്ത് കോൺഗ്രസിന്റെ പ്രായപരിധി കഴിഞ്ഞു നിൽക്കുന്ന വ്യക്തികളെ ചലിക്കുന്ന യുവജന പ്രസ്ഥാനത്തിന്റെ അധ്യക്ഷ പദവിയിൽ വെക്കുന്നത് കേരളത്തിലെ യുവതയോട് ചെയ്യുന്ന ദ്രോഹമാണ്.