KERALA

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഐയില്‍ ഭിന്നത, എറിയാട് ലോക്കല്‍ സെക്രട്ടറി രാജിവച്ചു; രാഷ്ട്രീയം ഉപേക്ഷിച്ച് കമ്മറ്റി അംഗം

മതിലകം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനാർഥിയായി ഷിഹാബ് കാവുങ്കലിനെ നിർത്തിയതാണ് തർക്കത്തിന് കാരണം

Author : ന്യൂസ് ഡെസ്ക്

തൃശൂർ: എറിയാട് സ്ഥാനാർഥി നിർണയത്തെ ചൊല്ലി സിപിഐയിൽ ഭിന്നത. മതിലകം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനാർഥിയായി ഷിഹാബ് കാവുങ്കലിനെ നിർത്തിയതാണ് തർക്കത്തിന് കാരണം. സംഭവത്തിൽ പ്രതിഷേധിച്ച് എറിയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാഹിദ് അബ്ദുള്ള രാജിവച്ചു. ലോക്കൽ കമ്മറ്റി അംഗം നിസാർ എറിയാട് രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു. മണ്ഡലം കമ്മറ്റി സ്ഥാനാർഥിയെ അടിച്ചേൽപ്പിച്ചതാണെന്നാണ് ഒരു വിഭാഗത്തിൻ്റെ ആരോപണം.

അതേസമയം, തൃശൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥിയെ മാറ്റി സിപിഐഎം. കാട്ടകാമ്പൽ ഡിവിഷൻ സ്ഥാനാർഥി ആയിരുന്നു കെ.ബി. ജയനെയാണ് മാറ്റിയത്. കുന്നംകുളം ഏരിയ കമ്മിറ്റിയംഗം എം.വി. പ്രശാന്തനാണ് പുതിയ സ്ഥാനാർഥി. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ജയൻ മത്സരിക്കുന്നതിന് നിയമ തടസം ഉണ്ടായതോടെയാണ് നടപടി.

കഴിഞ്ഞ ദിവസം ചേർന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. 2018ൽ രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് ഉണ്ടായ വധശ്രമ കേസിൽ ജയൻ പ്രതിയായിരുന്നു. കേസിൽ തൃശൂർ സെഷൻസ് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ ജയന് വിധിച്ചിരുന്നു. ഇതാണ് തിരിച്ചടിയായത്.

SCROLL FOR NEXT