തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് അവലോകനയോഗം ചേർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ജില്ലാ കലക്ടർ അനു കുമാരി, സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക് എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു. ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയാണ് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല. മാർച്ച് മൂന്ന് ചൊവ്വാഴ്ചയാണ് പൊങ്കാല ദിനം. പൊങ്കാല ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 28 വാർഡുകളിൽ മദ്യ നിരോധനം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
5,854 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക് അറിയിച്ചു. മുഴുവൻ ഉദ്യോഗസ്ഥരും മുൻ പരിചയം ഉള്ളവരായിരിക്കും. കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ആയിരിക്കും നിയമിക്കുക. വാച്ച് ടവറുകൾ, മെഗാഫോണുകൾ എന്നിവ സ്ഥാപിക്കും. പൊങ്കാല ദിവസം കൂടുതൽ പാർക്കിംഗ് സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. പാർക്കിംഗ് കേന്ദ്രങ്ങളിൽ ക്യൂ ആർ കോഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
പൊങ്കാലയ്ക്ക് മുൻപും ശേഷവും നഗരം വൃത്തിയാക്കാനായി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. പൊങ്കാലയ്ക്ക് ശേഷം നഗരത്തിലെ റോഡുകളും ശുചിയാക്കും. പൊങ്കാലയ്ക്ക് എത്തുന്നവർ പരമാവധി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.
ഗതാഗത സംവിധാനങ്ങളും സജ്ജമായിട്ടുണ്ട്. പൊങ്കാലയോട് അനുബന്ധിച്ച് കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ നടത്തും. 700 ബസുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഉത്സവം ആരംഭിക്കുന്നത് മുതൽ പൊങ്കാല ദിവസം വരെ കെഎസ്ആർടിസി ചെയിൻ സർവീസുകൾ നടത്തും. രണ്ട് സ്പെഷ്യൽ ട്രെയിനുകൾ ഇതുവരെ അനുവദിച്ചിട്ടുണ്ട്. പൊങ്കാലയോട് അനുബന്ധിച്ച് ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പ് അനുവദിക്കും.
പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആറ്റുകാൽ ക്ഷേത്ര ഭരണസമിതി അറിയിച്ചു. 134 പേരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് കൂടുതൽ സിസിടിവി ക്യാറമകൾ സ്ഥാപിക്കും. പൊങ്കാല ദിവസം ഉച്ച മുതൽ ക്ഷേത്ര ദർശനം ഉണ്ടായിരിക്കില്ല. ഗ്രഹണസമയമായത് കൊണ്ടാണ് ഈ ക്രമീകരണമെന്നും ഭരണസമിതി അറിയിച്ചു.