ദിയ കൃഷ്ണ, സ്ഥാപനത്തിലെ മുൻ ജീവനക്കാർ Source: Instagram/ Diya Krishna, News Malayalam 24x7
KERALA

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്: ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 60 ലക്ഷം രൂപയെത്തി, തട്ടിക്കൊണ്ടുപോയതിന് തെളിവില്ലെന്ന് പൊലീസ്

ക്യു.ആർ. കോഡ് വഴി ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തിയത് 60 ലക്ഷം രൂപയാണെന്നും പൊലീസ് കണ്ടെത്തി.

Author : ന്യൂസ് ഡെസ്ക്

ദിയ കൃഷ്ണകുമാറിൻ്റെ കടയിലെ സാമ്പത്തിക ക്രമക്കേട് പരാതിയിൽ ജീവനക്കാരുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് പൊലീസ്. ജീവനക്കാരെ തട്ടിക്കൊണ്ടു പോയി എന്ന ആരോപണത്തിന് നിലവിൽ ഒരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ജീവനക്കാരുടെ അക്കൗണ്ടിലെ വിവരങ്ങളും പൊലീസ് പരിശോധിച്ചു.

ക്യു.ആർ. കോഡ് വഴി ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തിയത് 60 ലക്ഷം രൂപയാണെന്ന് പൊലീസ് കണ്ടെത്തി. രണ്ടു പേരുടെ അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നാണ് ഈ തുക കണ്ടെത്തിയതെന്നും അന്വേഷണ സംഘം അറിയിച്ചു. ജീവനക്കാരിയായ വിനീതയുടെ അക്കൗണ്ടിൽ എത്തിയത് 25 ലക്ഷം രൂപയും, മറ്റൊരാളായ ദിവ്യയുടെ അക്കൗണ്ടിൽ എത്തിയത് 35 ലക്ഷം രൂപയുമാണ്.

അക്കൗണ്ടുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പരിശോധിക്കാൻ ഉണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പൊലീസ് ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

‌ജീവനക്കാരായ മൂന്നു പേർ ചേർന്ന് സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ജി. കൃഷ്ണകുമാറിൻ്റെ മകള്‍ ദിയ കൃഷ്ണകുമാറിന്റെ പരാതി. ഈ പരാതി കണ്ടോണ്‍മെന്റ് എസിപിക്ക് കൈമാറിയിരുന്നു. പരാതിയില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോഴാണ് തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തുവെന്ന് ജീവനക്കാര്‍ പരാതി നല്‍കിയത്.

സംഭവം വിവാദമായതോടെ ജീവനക്കാര്‍ കുറ്റസമ്മതം നടത്തുന്നതിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ കൃഷ്ണകുമാറിന്റെ കുടുംബം പുറത്തുവിട്ടിരുന്നു. തെറ്റുപറ്റിയെന്നും ജീവനക്കാര്‍ വീഡിയോയില്‍ പറയുന്നുണ്ട്. 2024 ഒക്ടോബര്‍ മുതല്‍ ഇത്തരത്തിൽ പണം എടുത്തതായി ജീവനക്കാര്‍ വീഡിയോയില്‍ സമ്മതിക്കുന്നുണ്ട്.

എന്നാൽ, ദിയ ടാക്സ് വെട്ടിക്കാന്‍ വേണ്ടി പണം തങ്ങളുടെ അക്കൗണ്ടിലൂടെ വാങ്ങിയെന്നാണ് ഇതിന് ശേഷം ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞത്. ഈ ആരോപണങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കൃഷ്ണകുമാറിന്റെ കുടുംബം പുറത്തുവിട്ടത്. തെളിവുകളും മൊഴികളും ശേഖരിച്ച ശേഷം പരാതികളിലെ നിജസ്ഥിതി പരിശോധിച്ചാകും പൊലീസ് കുറ്റപത്രം നല്‍കുക.

SCROLL FOR NEXT