
'ഓ ബൈ ഓസി' സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് പരാതിയെ തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ പ്രതികരിച്ച് ജി. കൃഷ്ണകുമാറും ദിയ കൃഷ്ണകുമാറും. കള്ളം പറയുമ്പോഴാണ് മാറ്റി പറയേണ്ടി വരുന്നതെന്നും താനും ദിയയും എവിടെയോ ഇരിക്കുന്ന അഹാനയും പറയുന്നത് ഒരേ കാര്യമാണെന്നും കൃഷ്ണകുമാർ പ്രതികരിച്ചു. അവർ പണം എടുത്തിട്ടുണ്ടെന്നും 69 ലക്ഷം രൂപയോളം നഷ്ടമായി എന്നാണ് മനസിലാക്കുന്നതെന്നും കൃഷ്ണകുമാർ പ്രതികരിച്ചു.
"ഇത് കൂടാതെ കടയിലെ സ്റ്റോക്കുകളും കുറഞ്ഞിട്ടുണ്ട്. അന്വേഷണത്തിൽ തൃപ്തരാണ്. ഞങ്ങൾ ഒന്നാം തീയതി പരാതി നൽകി. അതിനു ശേഷമാണ് അവർ പരാതി നൽകിയത്. ഇവർ ഇപ്പോൾ എവിടെയാണ് എന്ന് അറിയില്ല. അന്ന് പ്രതികരിച്ചതിന് ശേഷം കണ്ടിട്ടില്ല. ആദ്യ ഘട്ടത്തിൽ തന്നെ മാധ്യമങ്ങൾ വാർത്തയുടെ സത്യാവസ്ഥ കണ്ടെത്താൻ സഹായിച്ചു. ഏതെങ്കിലും രാഷ്ട്രീയക്കാരനോ പാർട്ടിക്കോ ഇതിൽ താല്പര്യമുണ്ടെങ്കിൽ അങ്ങനെ ഇടപെടുത്തരുത്. രാഷ്ട്രീയത്തെ വച്ച് എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ"വെന്നും കൃഷ്ണകുമാർ പറഞ്ഞു.
എന്റെ കുടുംബത്തെ അതിൽ ചേർക്കരുത്. ഈ വിഷയത്തിൽ ഞാൻ രാഷ്ട്രീയം ഇടപെടുത്തിയിട്ടില്ല. ജാതി ഒന്നും ഇതിൽ ഇടപെടുത്തേണ്ട ആവശ്യമേ ഇല്ല. ഇതിന് പിന്നിൽ ആരോ ഉണ്ട്. ഇന്ന് സിസിടിവി ദൃശ്യങ്ങൾ കൂടി വന്നതോടെ വലിയ കള്ളം പൊളിഞ്ഞു. ഇവർ ഈ സമൂഹത്തിന് തന്നെ അപകടമാണ്. കൃത്യമായ ശിക്ഷ വാങ്ങി നൽകണമെന്നും കൃഷ്ണകുമാർ പ്രതികരിച്ചു.
ആദ്യഘട്ടത്തിൽ ചോദിച്ചപ്പോ 500 രൂപ, 2000 രൂപ എടുത്തു എന്നാണ് പറഞ്ഞതെന്ന് ദിയയും പ്രതികരിച്ചു. ഏപ്രിൽ വരെ ഞാൻ ഹോസ്പിറ്റലിൽ ആയതിനാൽ എനിക്ക് അത് ശ്രദ്ധിക്കാൻ പറ്റിയില്ല. ഇവരുടെ വിശ്വാസത്തിന്റെ പേരിലാണ് എനിക്ക് അബദ്ധം പറ്റിയതെന്നും ദിയ പറഞ്ഞു.
ദിയ കൃഷ്ണകുമാറിൻ്റെ കടയിലെ സാമ്പത്തിക ക്രമക്കേട് പരാതിയിൽ പൊലീസ് ജീവനക്കാരുടെ മൊഴി എടുത്തു. ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപെടുത്തിയത്. മൂവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൃഷ്ണകുമാറിൻ്റെയും മകളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചു. ജീവനക്കാരായ മൂന്നു സ്ത്രീകള്‍ 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി തട്ടിപ്പ് നടത്തിയെന്നായിരുന്നു മകള്‍ ദിയ കൃഷ്ണകുമാറിന്റെ പരാതി. മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോഴാണ് തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്ന് ജീവനക്കാര്‍ പരാതി നല്‍കുകയായിരുന്നു.