പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ്മൂലം ഒൻപത് വയസുകാരിയുടെ കൈമുറിച്ച് മാറ്റിയ സംഭവത്തിൽ ഉത്തരമില്ലാതെ ഡിഎംഒ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കുട്ടിയുടെ കൈയിലെ രക്ത പ്രവാഹം എങ്ങനെ നിലച്ചുവെന്നും കൈയിൽ എങ്ങനെ പഴുപ്പ് വന്നു എന്നതിനും അന്വേഷണ റിപ്പോർട്ടിൽ ഉത്തരമില്ല. ഓഗസ്റ്റ് 24, 25 തീയതികളിൽ കുട്ടിയുടെ കൈയിലെ രക്തയോട്ടത്തിന് പ്രശ്നങ്ങളില്ലായിരുന്നു. എന്നാൽ 30ാം തീയതി രക്ത ഓട്ടം നിലച്ചിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എങ്ങനെയാണ് രക്തയോട്ടം നിലച്ചത് എന്നത് സംബന്ധിച്ച് ഒരുകാര്യവും അന്വേഷണ റിപ്പോർട്ടിൽ പരമർശിക്കുന്നില്ല.
പാലക്കാട് മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്സ് അസിസ്റ്റൻ്റ് പ്രഫസർ ഡോ സിജു കെ.എം, ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഓർത്തോപിഡിക്സ് ജൂനിയർ കൺസൽട്ടൻ്റ് ഡോക്ടർ ജോവർ കെ.ടി. എന്നിവരാണ് അന്വേഷണ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയത്.
ഓഗസ്റ്റ് 24ന് ജില്ലാ ആശുപത്രിയിൽ എത്തിയ വിനോദിനി എന്ന കുട്ടിയുടെ വലതു കൈയ്യിൻ്റെ രണ്ട് എല്ലുകൾ പൊട്ടിയിരുന്നു. രക്ത ഓട്ടത്തിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ജുനിയർ റെസിഡൻ്റ് ഡോ. മുസ്തഫയാണ് പ്ലാസ്റ്റർ ഇട്ടത്. പിറ്റേ ദിവസം കുട്ടിയും രക്ഷിതാക്കളും ആശുപത്രിയിൽ വന്നു. പ്രത്യകിച്ച് പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ പ്ലാസ്റ്റർ എടുക്കാൻ അഞ്ച് ദിവസം കഴിഞ്ഞ് വരാൻ നിർദേശിച്ചു. ജൂനിയർ കൺസൽട്ടൻ്റ് ഡോ. സർഫറാസിൻ്റെ ഒപിയിലാണ് കുട്ടി എത്തിയത്.
30ാം തീയതി അസിസ്റ്റൻ്റ് സർജൻ ഡോ. വൈശാഖിൻ്റെ ഒപിയിൽ കുട്ടിയെത്തി. കൈയിൽ നീര് ഉണ്ടായിരുന്നു. കൈയിലേക്ക് രക്തഓട്ടം നിലച്ചിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. വിനോദിനിക്ക് ജില്ലാ ആശുപത്രിയിൽ നിന്നും ശാസ്ത്രീയ ചികിത്സ ലഭിച്ചുവെന്നു തന്നെയാണ് അന്വേഷണ റിപ്പോർട്ടിൽ ഉള്ളത്. അതേസമയം, സംഭവത്തിൽ ആരോഗ്യ മന്ത്രി നിയോഗിച്ച സംഘത്തിൻ്റെ അന്വേഷണം തുടരും.