
കോഴിക്കോട്: മെഡിക്കൽ കോളേജ് തീപിടുത്തവുമായി ബന്ധപ്പെട്ട കോഴിക്കോട് സബ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. യുപിഎസ് ബാറ്ററി കാലപ്പഴക്കമുള്ളതാണെന്നും അത് മാറ്റണമെന്ന നിർദേശം പാലിച്ചില്ലെന്നും റിപ്പോർട്ടിൽ. കൂടാതെ ആശുപത്രി നിർമാണത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിച്ചില്ല. അഗ്നി രക്ഷാ സംവിധാനത്തിൻ്റെ വീഴ്ചയും റിപ്പോർട്ടിലുണ്ട്. തീപിടിത്ത സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിട്ടും വേണ്ടത്ര ഗൗനിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ആശുപത്രിയിൽ സ്ഥിരം അഗ്നിരക്ഷാ-സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണം. ഫയർ ഓഡിറ്റിങ് ഉൾപ്പെടെ നടത്തി കൃത്യമായി നിരീക്ഷണം വേണം, കൃത്യമായ ഇടവേളകളിൽ മോക്ഡ്രിൽ നടത്തണം, കെട്ടിടത്തിൽ അനുമതിയില്ലാത്ത കൂട്ടിച്ചേർക്കലുകൾ പാടില്ല എന്നത് ഉൾപ്പെടെയുള്ള പരിഹാര നിർദേശങ്ങളും ഈ റിപ്പോർട്ടിലുണ്ട്.
2025 മേയ് 2 ന് ആർഐ-യുപിഎസ് മുറിയിലും 5ന് ആറാം നിലയിലെ ഓപ്പറേഷൻ തിയറ്ററിലുമാണ് തീപിടിച്ചത്. ആറാം നിലയിലുള്ള അത്യാഹിത വിഭാഗത്തിൽ നിന്നാണ് പുക ഉയർന്നത്. പിന്നാലെ എല്ലാ നിലകളിലും പരിശോധന നടത്താൻ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകിയിരുന്നു.