KERALA

രണ്ടര വയസുകാരിയുടെ മരണം: "അഞ്ച് ദിവസമായി അസുഖമുണ്ടായിരുന്നു, മുഖത്ത് നീരും"; ചികിത്സാപിഴവ് ആരോപണം തള്ളി ഡോക്ടര്‍

കുഞ്ഞിന്റെ മുഖത്ത് നീരുണ്ടായിരുന്നെന്നും എസ്എടിയിലേക്ക് റഫര്‍ ചെയ്തിരുന്നെന്നും ഡോക്ടര്‍ അരുണ്‍ വാര്യര്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കാട്ടാക്കട കുത്തിവയ്പ്പിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചതില്‍ ചികിത്സാ പിഴവുണ്ടെന്ന കുടുംബത്തിന്റെ ആരോപണം തള്ളി ചികിത്സിച്ച ഡോക്ടര്‍. അഞ്ച് ദിവസം അസുഖബാധിതയായിരുന്ന കുഞ്ഞിനെയായാണ് ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിന്റെ മുഖത്ത് നീരുണ്ടായിരുന്നെന്നും എസ്എടിയിലേക്ക് റഫര്‍ ചെയ്തിരുന്നെന്നും ഡോക്ടര്‍ അരുണ്‍ വാര്യര്‍ പറഞ്ഞു.

കുഞ്ഞിന്റെ പിതാവിനെ ഇക്കാര്യം അറിയിച്ചിരുന്നു. ശ്വാസം മുട്ടലും കഫക്കെട്ടും ഉണ്ടായിരുന്നു. കുഞ്ഞിന് നെബുലൈസേഷന്‍ നല്‍കി. ഇതിന് പിന്നാലെ ആരോഗ്യനില മോശമായെന്നും ഡോക്ടര്‍ പറഞ്ഞു.

ഉറിയാക്കോട് സ്വദേശി സിദ്ദിഖ് - ഫൈസലത്ത് ദമ്പതികളുടെ മകള്‍ ആയിഷ ഫാത്തിമയാണ് മരിച്ചത്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയായ മമലിനെതിരെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.

ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് ആശുപത്രിയില്‍ നിന്ന് കയ്യില്‍ രണ്ട് കുത്തിവയ്പ്പുകള്‍ നല്‍കി. കുത്തിവയ്പ്പ് നല്‍കിയ ഉടന്‍ കുട്ടി ബോധരഹിതയായി. തുടര്‍ന്ന് കുട്ടിയെ ഡോക്ടര്‍മാരും നഴ്‌സും ചേര്‍ന്ന് നെയ്യാര്‍ മെഡിസിറ്റിയില്‍ എത്തിച്ചു. എന്നാല്‍, ആശുപത്രിയില്‍ എത്തുംമുമ്പ് മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം നല്‍കിയ പരാതിയില്‍ ആര്യനാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

SCROLL FOR NEXT