തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ യുവതിയുടെ മൊഴി സാധൂകരിച്ച് ഡോക്ടർമാർ. യുവതിയെ ചികിത്സിച്ച രണ്ട് ഡോക്ടർമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിക്ക് അമിത രക്‌തസ്രാവം ഉണ്ടായെന്നും യുവതിയുടെ ആരോഗ്യാവസ്ഥ മോശമായെന്നും ഡോക്ടർമാർ പറയുന്നു. യുവതി നൽകിയ രേഖകൾ ആധികാരികം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
എ.സി.പി ദിന രാജിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയത്. ചികിത്സിച്ച രണ്ട് ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി. യുവതിക്ക് അമിത രക്തസ്രാവമുണ്ടായെന്നും, ആരോഗ്യാവസ്ഥ മോശമായെന്നും ഡോക്ടർമാർ മൊഴി നൽകി. ഇതുറപ്പിക്കുന്ന ചികിത്സ രേഖകളും പൊലീസിന് ലഭിച്ചു. യുവതി നൽകിയ രേഖകൾ ആധികാരികമാണെന്നും പരാതിയിൽപ്പറയുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നും സ്ഥിരീകരിച്ചു.
അതേസമയം പരമാവധി തെളിവുകൾ ശേഖരിച്ച് രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കിടാനൊരുങ്ങുകയാണ് പൊലീസ്. ബലാത്സംഗം നടന്ന ഫ്ലാറ്റിലെത്തി പരിശോധന നടത്തുകയാണ് പൊലീസ്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും. പുറത്തുവന്ന ശബ്‌ദ രേഖയുടെ ആധികാരികതയും പരിശോധിക്കും.
ബലാത്സംഗ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് രണ്ടുദിവസം പിന്നിടുമ്പോഴും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് നീങ്ങാമെന്നാണ് ഉദ്യോഗസ്ഥർക്ക് നിർദേശമുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന കടുപ്പിക്കുന്നത്.
കേസിൽ പൊലീസ് തിരുവനന്തപുരത്തെ ഫ്ലാറ്റിലെത്തി മഹസർ തയ്യാറാക്കി. പരാതിക്കാരിയേയും കൂട്ടിയാണ് പൊലീസ് ഫ്ലാറ്റിലെത്തിയത്. ഫ്ലാറ്റിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. പാലക്കാട്ടെ ഫ്ലാറ്റിലെത്തിയും മഹസർ തയ്യാറാക്കും.