Source: News Malayalam 24x7
KERALA

വി.കെ. പ്രശാന്ത് ഓഫീസിന് പണമടച്ച രേഖകൾ പുറത്ത്; കാലാവധി മാർച്ച് 31 വരെ

കഴിഞ്ഞ സാമ്പത്തിക വർഷം 6538 രൂപ അടച്ചതായും രേഖകളിലുണ്ട്

Author : വിന്നി പ്രകാശ്

തിരുവനന്തപുരം: വി.കെ. പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് ആർ. ശ്രീലേഖ ആവശ്യപ്പെട്ട സംഭവത്തിൽ വി.കെ പ്രശാന്ത് ഓഫീസിന് പണമടച്ച രേഖകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. 2021 മുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെ വാടക അടച്ചതിൻ്റെ രേഖകളാണ് ലഭിച്ചിട്ടുള്ളത്. പണമടച്ചിരിക്കുന്നത് അതത് സാമ്പത്തിക വർഷം കണക്കാക്കിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 6538 രൂപ അടച്ചതായും രേഖകളിലുണ്ട്.

മാർച്ച് 31 വരെയാണ് കരാറനുസരിച്ചുള്ള കാലാവധി. മാർച്ച് 31ന് ശേഷം കരാർ നീട്ടി നൽകാനുള്ള അപേക്ഷയും എംഎൽഎ നഗരസഭാ കൗൺസിലിന് നൽകിയിരുന്നു. ഇത്തരമൊരു കരാർ നിലവിലുണ്ടോ എന്ന് അറിയില്ലെന്ന് ആർ. ശ്രീലേഖ പ്രതികരിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ രേഖകൾ പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ നിലവിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കോർപറേഷൻ കരാർ നീട്ടി നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

കോർപറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട വിഷയം വിവാദമായതിന് പിന്നാലെ വി.കെ. പ്രശാന്തിനെ എംഎൽഎ ഓഫീസിലെത്തി ആർ. ശ്രീലേഖ നേരിട്ടു കണ്ടിരുന്നു. സൗഹൃദ സംഭാഷണം വിവാദമാക്കി മാറ്റരുതെന്നും ഓഫീസ് മാറി തരാമോ എന്ന് അഭ്യാർഥിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീലേഖ മാധ്യമങ്ങൾക്ക് പിന്നീട് വിശദീകരണം നൽകി. എന്നാൽ അനുനയത്തിന് ഇല്ലെന്നും കരാർ തീരുംവരെ ഓഫീസിൽ തുടരുമെന്നുമാണ് വി.കെ. പ്രശാന്ത് വ്യക്തമാക്കിയത്. വി.കെ. പ്രശാന്തിനോട് എംഎൽഎ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട ആർ. ശ്രീലേഖയുടെ നീക്കം പാർട്ടിയും മേയറും അറിയാതെയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

SCROLL FOR NEXT