രാഹുൽ മാങ്കൂട്ടത്തിൽ ഒളിച്ചു കടന്നതെന്ന് സംശയിക്കുന്ന ചുവന്ന പോളോ കാർ സിനിമാ താരത്തിൻ്റേതെന്ന് സംശയം. കാർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്. പോളോ കാറിലാണ് രാഹുൽ കടന്നു കളഞ്ഞതെന്ന് പൊലീസ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിൻറെ ദൃശ്യങ്ങൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
പാലക്കാട്ടെ വിവിധയിടങ്ങളിൽ നിന്ന് കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്. രാഹുൽ കടന്നു കളഞ്ഞ ദിവസത്തെ 5 മണിക്ക് ശേഷമുള്ള ദൃശ്യങ്ങളാണ് കണ്ടെടുക്കാൻ ശ്രമം നടത്തുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഇന്ന് തന്നെ ലഭിക്കുമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. കേസിൽ ഇത് നിർണായക വഴിത്തിരിവായേക്കും.
സ്ഥിരമായി കൂടെ ഇല്ലാതിരുന്ന പോളോ കാർ സംഭവത്തിൻ്റെ തലേ ദിവസം പാലക്കാട് എത്തിച്ചിരുന്നു. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്തതിൽ നിന്ന് ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി.കാർ സ്ഥിരമായി കൂടെയില്ലെന്നും ആരുടേതാണെന്ന് അറിയില്ലെന്നുമാണ് സ്റ്റാഫ് അംഗങ്ങൾ മൊഴി നൽകിയത്.
രാഹുലിനെ കാണാതായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ഡിവിആറിൽ നിന്ന് ഡിലീറ്റ് ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കെയർടേക്കറെ കൈയിലെടുത്താണ് ഈ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതെന്നാണ് കരുതുന്നത്. തുടർന്ന് ഫ്ലാറ്റിലെ കെയർ ടേക്കറെ ചോദ്യം ചെയ്യാനായി എസ്ഐടി വിളിപ്പിച്ചിട്ടുണ്ട്.