മലപ്പുറത്തെ ദമ്പതികളുടെ സ്വർണതട്ടിപ്പിൽ ഇരയായവരിൽ വീട്ടുജോലിക്കാരിയും 
KERALA

മലപ്പുറത്തെ ദമ്പതികളുടെ സ്വർണതട്ടിപ്പിൽ ഇരയായവരിൽ വീട്ടുജോലിക്കാരിയും; 11 പവൻ തട്ടിയെടുത്തെന്ന് പരാതി

വീട് നിർമ്മിച്ച് നൽകാമെന്ന പേരിലാണ് ഒഴുകൂർ സ്വദേശിയായ സർഫുന്നിസയിൽ നിന്ന് പ്രതികൾ 11 പവൻ സ്വർണം തട്ടിയെടുത്തത്.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: മലപ്പുറത്തെ ദമ്പതികളുടെ സ്വർണ തട്ടിപ്പിൽ ഇരയായവരിൽ ഇവരുടെ വീട്ടുജോലിയും ഉൾപ്പെടുന്നു. വീട് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് ഇവരുടെ കൈയിൽ നിന്ന് 11 പവനാണ് അപഹരിച്ചത്.

ഒഴുകൂർ സ്വദേശിയായ സർഫുന്നിസയ്ക്ക് സ്വർണം നഷ്ടമായത്. പിന്നീട് സ്വർണം തിരിച്ചുചോദിച്ചപ്പോൾ ഭിന്നശേഷിക്കാരനായ ഭർത്താവിനെയും മകനെയും മർദിച്ചെന്നും യുവതി ആരോപിച്ചു. സ്വർണം നഷ്ടപ്പെട്ടതിലുള്ള മാനസിക വിഷമം മൂലമാണ് ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചതെന്നും സർഫുന്നീസ ആരോപിച്ചു.

മലപ്പുറം മുണ്ടുപറമ്പ് സ്വദേശികളായ മുജീബ് റഹ്മാൻ, ഭാര്യ ബജീന, മകൻ ജാസിം എന്നിവർക്കെതിരെയാണ് പണവും സ്വർണവും ഭൂമിയും തട്ടിയെടുത്തെന്ന നിരവധി പരാതി വന്നിരിക്കുന്നത്. നിലവിൽ ഇരുപതിലധികം പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവരിൽ നിന്നായി ഏകദേശം 786.5 പവൻ സ്വർണവും 3.88 കോടി രൂപയും ഭൂമിയുടെ ആധാരങ്ങളും തട്ടിയെടുത്തതായാണ് വിവരം. പ്രതികളുടെ അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽവാസികൾ, വീട്ടിലെ ജോലിക്കാരി എന്നിവരെല്ലാം തട്ടിപ്പിന് ഇരയായിട്ടുണ്ട്.

ഗൾഫിലും നാട്ടിലുമുള്ള ബിസിനസുകളിൽ പങ്കാളിത്തവും വൻ ലാഭവിഹിതവും, കുറഞ്ഞ വിലയ്ക്ക് ഭൂമിയും, വീട് നിർമ്മിച്ചു നൽകാമെന്നും വാഗ്ദാനം ചെയ്താണ് പ്രതികൾ പണവും സ്വർണവും കൈക്കലാക്കിയത്. ചിലരുടെ ചെറിയ ബാങ്ക് വായ്പകൾ അടച്ചുതീർത്ത് വിശ്വാസം നേടിയെടുത്ത ശേഷം, അവരുടെ സ്ഥലത്തിൻ്റെ ആധാരം വാങ്ങി സഹകരണ ബാങ്കിൽ പണയം വെച്ച് വലിയ തുക വായ്പയെടുത്തതായും പരാതിയുണ്ട്.

SCROLL FOR NEXT