ഡോ. ഹാരിസ് ചിറയ്ക്കൽ  Source: News Malayalam 24X7
KERALA

ഡോ. ഹാരിസിന്റെ ആവശ്യം വെളിച്ചം കാണുന്നു; തിരു. മെഡിക്കല്‍ കോളേജില്‍ മൂത്രാശയ കല്ല് പൊട്ടിക്കുന്ന ഉപകരണത്തിന് രണ്ട് കോടിയുടെ അനുമതി

ഡോക്ടര്‍ ഹാരിസിനെ കുറ്റക്കാരനാക്കുന്ന നീക്കമാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോ. ഹാരിസിന്റെ ആവശ്യങ്ങളില്‍ ഒടുവില്‍ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. മൂത്രാശയക്കല്ല് പൊട്ടിക്കുന്ന ഉപകരണം വാങ്ങാന്‍ രണ്ട് കോടിയുടെ ഭരണാനുമതി. അപേക്ഷ നല്‍കി രണ്ടു വര്‍ഷത്തിനു ശേഷമാണ് നടപടി.

2023ലാണ് 13 വര്‍ഷം പഴക്കമുള്ള ഉപകരണം പ്രവര്‍ത്തന ക്ഷമമല്ലെന്നും മാറ്റണമെന്നും കാലാവധി കഴിഞ്ഞതാണെന്നും കാണിച്ച് അന്നത്തെ യൂറോളജി വകുപ്പ് മേധാവി കൂടിയായ ഡോ. ഹാരിസ് ആരോഗ്യ വകുപ്പിനെ സമീപിക്കുന്നത്. ആദ്യം സൂപ്രണ്ടിനെയും പ്രിന്‍സിപ്പലിനെയും അറിയിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഡോക്ടര്‍ ഹാരിസിനെ കുറ്റക്കാരനാക്കുന്ന നീക്കമാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. കൂടുതല്‍ തെളിവുകള്‍ ഡോക്ടര്‍ ഹാരിസ് പുറത്തുവിട്ടതോടെ പ്രതിപക്ഷവും പൊതുജനവും ഹാരിസിനൊപ്പം ചേരുകയായിരുന്നു. ഇതോടെയാണ് ആരോഗ്യവകുപ്പ് നിലപാട് മാറ്റിയത്. രണ്ടുകോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ഉപകരണം വാങ്ങി നല്‍കേണ്ട ചുമതല ആശുപത്രി വികസന സമിതിക്കാണെന്ന് ഉത്തരവില്‍ പറയുന്നു.

SCROLL FOR NEXT