കൊച്ചി: യുവ രാഷ്ട്രീയ നേതാവിന് എതിരെ ഗുരുതര ആരോപണവുമായി നടിയും മാധ്യമ പ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ ഡോ. പി. സരിന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സരിന്റെ പ്രതികരണം.
'ആ തെമ്മാടി പാര്‍ട്ടിയില്‍ ഇതല്ല, ഇതിനുമപ്പുറം നടക്കുമെന്നാണ് കേരള സമൂഹം വിലയിരുത്തേണ്ടത്' എന്നാണ് സരിന്റെ പ്രതികരണം. അയാള്‍ ആരായാലും ഒത്താശ ചെയ്തവരും കൂട്ടു നിന്നവും മൗനം പാലിച്ചവരും ആരൊക്കെയാണെന്നും എന്തിനുവേണ്ടിയായിരിക്കും എന്നുമൊക്കെ ആലോചിക്കുമ്പോഴാണ് കൂടുതല്‍ ചെടിപ്പുണ്ടാകുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ആരാണയാള്‍ എന്നതിനുമപ്പുറം, ഒരു പെണ്‍കുട്ടി ഏറ്റുവാങ്ങേണ്ടി വന്ന ദുരനുഭവങ്ങളാണ് ഇതൊക്കെ എന്നതാണ് ആദ്യമായി നമ്മളോരോരുത്തരേയും ചൊടിപ്പിക്കേണ്ടത്.
അയാളിനി ആരു തന്നെയായാലും, അതിനൊക്കെ ഒത്താശ ചെയ്തവരും കൂട്ടു നിന്നവരും മൗനം പാലിച്ചവരും ആരൊക്കെയാണെന്നും എന്തിനുവേണ്ടിയായിരിക്കും എന്നുമൊക്കെ ആലോചിക്കുമ്പോഴാണ് കൂടുതല്‍ ചെടിപ്പുണ്ടാകുന്നത്.
ആ തെമ്മാടി പാര്‍ട്ടിയില്‍ ഇതല്ല ഇതിനപ്പുറവും നടക്കുമെന്നാണ് കേരള സമൂഹം വിലയിരുത്തേണ്ടത്.
യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇന്ന് റിനി ആന്‍ ജോര്‍ജ് നടത്തിയത്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നേതാവിന്റെ പേര് പറയാന്‍ റിനി തയ്യാറായില്ല. എന്നാല്‍, നേതാവ് നിരന്തരം ശല്യം ചെയ്‌തെന്നും സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും ആരോപിച്ചു.
ഏതെങ്കിലും പാര്‍ട്ടിയേയോ പ്രസ്ഥാനത്തേയോ തേജോവധം ചെയ്യാനില്ലെന്നും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ പല മാന്യ ദേഹങ്ങളും 'ഹൂ കെയേഴ്‌സ്' എന്നാണ് പറയുന്നതെന്നും മാധ്യമങ്ങളോട് നടി പറഞ്ഞു. തന്റെ ആരോപണങ്ങള്‍ മുമ്പും പല ഫോറങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ആ വ്യക്തിക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചു.
പ്രതിപക്ഷ നേതാവ് അടക്കമുള്ളവരോട് കാര്യം പറഞ്ഞിരുന്നു. തനിക്കെന്റെ സ്വന്തം പിതാവിനെ പോലെയാണ്. പരാതിയായി ഇക്കാര്യം ഉന്നയിച്ചപ്പോള്‍ പല വിഗ്രഹങ്ങളും ഉടഞ്ഞു. ഒരു രാഷ്ട്രീയ നേതാവിനോട് പരാതി പറഞ്ഞപ്പോള്‍ 'അത് അവന്റെ മിടുക്ക്' എന്ന് പറഞ്ഞു. 'ഹൂ കെയേഴ്‌സ്' എന്നാണ് എപ്പോഴും അയാളുടെ മനോഭാവമെന്നും നടി കൂട്ടിച്ചേര്‍ത്തു.