Source: News Malayalam 24x7
KERALA

ഡ്യൂട്ടിക്ക് എത്തിയത് കോടതി ഉത്തരവ് പ്രകാരമെന്ന് ഡോ. റീന; ലോങ്ങ് ലീവിന് നിയന്ത്രണവുമായി ഡോ. മീനാക്ഷിയുടെ ആദ്യ സർക്കുലർ, ഡിഎച്ച്എസ് ഓഫീസിൽ രണ്ടാം ദിനവും കസേരകളി

അഡീഷണൽ ഡയറക്ടർക്കും മെഡിക്കൽ ഓഫീസർമാർക്കും ആണ് സർക്കുലർ നൽകിയത്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഡിഎച്ച്എസ് കസേര തർക്കം തുടരുന്നതിനിടെ ആരോഗ്യവകുപ്പിൽ ലോങ്ങ് ലീവിന് നിയന്ത്രണമേർപ്പെടുത്തി ഡോക്ടർ മീനാക്ഷിയുടെ ആദ്യ സർക്കുലർ. അഡീഷണൽ ഡയറക്ടർക്കും മെഡിക്കൽ ഓഫീസർമാർക്കും ആണ് സർക്കുലർ നൽകിയത്.

തർക്കം തുടരുന്നതിനിടെ കോടതി ഉത്തരവിലൂടെ അനുകൂല വിധി നേടിയ ഡോ. കെ.ജെ. റീന ചുമതല ഏറ്റെടുക്കാൻ ഡിഎച്ച്എസ് ആസ്ഥാനത്ത് എത്തി. എന്നാൽ, രണ്ടാം ദിവസവും ഡിഎച്ച്എസ് കസേരയിൽ നിന്ന് മാറാൻ ഡോ. വി മീനാക്ഷി തയ്യാറായില്ല. ഡിഎച്ച്എസ് മുറിയിൽ മറ്റൊരു കസേരയിലാണ് ഡോ. റീന നിവലിൽ ഇരിക്കുന്നത്.

കോടതി ഉത്തരവ് പ്രകാരമാണ് ഓഫീസിൽ ഡ്യൂട്ടിക്ക് എത്തിയതെന്ന് ഡോ. കെ.ജെ. റീന മാധ്യമങ്ങളോട് പ്രതികരിച്ചു. എവിടെ ഇരുന്നായാലും താൻ ജോലി ചെയ്യും. ആരുമില്ലാവർക്ക് നിയമ വ്യവസ്ഥ ആശ്രയം. ഓഫീസിൽ താൻ തള്ളിക്കയറില്ല. പെൻഡിങ് ജോലികൾ തീർക്കും. രോഗങ്ങൾക്കെതിരെ അതീവ ജാഗ്രത വേണ്ട സമയമാണിതെന്നും ഡോ. റീന പറഞ്ഞു.

കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തതിന് പിന്നാലെ ചുമതലയേൽക്കാൻ ഡോ. കെ.ജെ. റീന ഡിഎച്ച്എസ് ഓഫീസിൽ എത്തിയതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ചുമതല കൈമാറാൻ ഡിഎച്ച്എസിൻ്റെ താല്ക്കാലിക ചുമതലയുള്ള ഡോ. വി. മീനാക്ഷി തയാറായില്ല. കോടതി ഉത്തരവിന്റെ പകർപ്പുമായി എത്തിയെങ്കിലും ഡോ. മീനാക്ഷി കസേരയിൽ നിന്ന് മാറുകയും ചെയ്തിരുന്നില്ല.

SCROLL FOR NEXT