KERALA

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്കരണം; വിജ്ഞാപനം ഇന്ന്

അടിസ്ഥാന ശമ്പളം 28,000 രൂപയാക്കാനാണ് സർക്കാർ തീരുമാനം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച കരട് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. അടിസ്ഥാന ശമ്പളം 28,000 രൂപയാക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ അടിസ്ഥാന ശമ്പളം 40,000 ആയി ഉയർത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നഴ്സുമാരുടെ സംഘടനയായ യുഎൻഎ. ഇന്ന് കോഴിക്കോട് ചേരുന്ന സംസ്ഥാന കൗൺസില്‍ യോഗത്തില്‍ വിഷയം ചർച്ച ചെയ്ത് തുടർന്നുള്ള സമരപരിപാടികളില്‍ തീരുമാനമെടുക്കും.

വിജ്ഞാപനത്തിൽ ആക്ഷേപം കേൾക്കാൻ 60 ദിവസത്തെ സമയമുണ്ടാകും. അഭിപ്രായ ശേഖരണം പൂർത്തിയാക്കിയ ശേഷമാകും അന്തിമ തീരുമാനം. നഴ്സുമാർക്ക് പുറമെ സ്വകാര്യ ആശുപത്രികളിലെ മറ്റ് ജീവനക്കാരുടെ ശമ്പളത്തിലും വർധനയുണ്ടാകും. നഴ്സുമാർക്ക് പ്രത്യേക അലവൻസ് അനുവദിക്കും.

ശമ്പള വർധനയ്ക്കായി സ്വകാര്യ ആശുപത്രി നഴ്സസിന്റെ സമരം തുടരുന്നതിനിടെയാണ് അടിസ്ഥാന ശമ്പളം പരിഷ്കരിക്കാൻ സർക്കാർ തീരുമാനം. മിനിമം വേതനവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കിയില്ലെങ്കിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ചക്കകം മിനിമം വേതനക്കാര്യത്തിൽ സർക്കാർ ഉത്തരവ് ഇറക്കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സസ് ‌പ്രതിഷേധത്തിലായിരുന്നു. അടിയന്തര സേവനം ഒഴികെയുള്ളവരാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. എമര്‍ജന്‍സി വിഭാഗങ്ങളില്‍ മാത്രമായി നഴ്സസിന്റെ സേവനം ഒതുങ്ങിയതോടെ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു.

SCROLL FOR NEXT