ആലുവ: പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു വയോധികന്‍ മരിച്ച സംഭവത്തില്‍ അപകടശേഷം നിര്‍ത്താതെ പോയ വാഹനം പൊലീസ് പിടികൂടി. ഡ്രൈവറെ അറസ്റ്റ് ചെയ്തു. റാന്നി പുത്തൂര്‍ വീട്ടില്‍ എബ്രഹാം (30)ആണ് അറസ്റ്റിലായത്. ആലുവ ഹില്‍ റോഡിലെ പാഴ്‌സല്‍ സ്ഥാപനത്തിലെ പിക്കപ്പ് വാന്‍ ഡ്രൈവറാണ് ഇയാൾ. വൈറ്റിലയിലെ സുഹൃത്തിന്റെ വീട്ടിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 5.15നായിരുന്നു അപകടം. ആലുവ മുനിസിപ്പല്‍ പാര്‍ക്കിനു സമീപം താമസിക്കുന്ന തളിയത്ത് ബോബി ജോര്‍ജിനെയാണ് (74) വാഹനം ഇടിച്ചത്. പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച ശേഷമായിരുന്നു മരണം.
സംഭവത്തിനു ശേഷം ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി റോഡില്‍ വീണുകിടക്കുന്നയാളുടെ അടുത്തുചെന്നു നോക്കിയശേഷമാണ് കടന്നുകളഞ്ഞത്. എസ്പി ഹേമലതയുടെ നേതൃത്വത്തിലുള്ള ടീമാണ് പ്രതിയെ പിടികൂടിയത്.