സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തില്‍ പ്രതിഷേധം Source: News Malayalam 24x7
KERALA

പേരാമ്പ്രയിലെ സ്വകാര്യ ബസ് അപകടം: ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഓമേഗ ബസ് ഡ്രൈവർ ആദം ഷാഫിയുടെ ലൈസൻസ് ആണ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഓമേഗ ബസ് ഡ്രൈവർ ആദം ഷാഫിയുടെ ലൈസൻസ് ആണ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്. ആറു മാസത്തേക്കാണ് സസ്പെൻഷൻ. ബസ്‌ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതേസമയം, അപകടം ഉണ്ടായ കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ ദീർഘദൂര ബസുകൾ സർവീസ് നിർത്തി വച്ചു.

കഴിഞ്ഞ ദിവസമാണ് പേരാമ്പ്രയിൽ സ്വകാര്യ ബസിടിച്ച് മരുതോങ്കര സ്വദേശിയായ വിദ്യാർഥി അബ്ദുൾ ജവാദ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന 'ഓമേഗ' ബസ് മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുചക്ര വാഹനത്തിൽ വന്ന വിദ്യാർഥിയെ ഇടിച്ചിട്ടശേഷം ബസിന്റെ ടയർ ജവാദിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു.

തുടർന്ന് ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിരന്തരം യാത്രക്കാരുടെ ജീവനെടുക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. അപകടം ഉണ്ടാക്കിയ ബസ് റോഡിൽ നിന്നും എടുത്തുമാറ്റാൻ അനുവദിക്കാതെ വഴി തടഞ്ഞു പ്രതിഷേധിച്ചിരുന്നു. പിന്നാലെ പൊലീസ് എത്തിയായിരുന്നു ഗതാഗതം പുനസ്ഥാപിച്ചത്.

SCROLL FOR NEXT