Source: News Malayalam 24x7
KERALA

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലടക്കം കുടിശിക; കടം വീട്ടാൻ ഓവർ ഡ്രാഫ്റ്റ്‌ എടുക്കാൻ ആരോഗ്യ വകുപ്പ്

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഉൾപ്പെടെ വിവിധ ആരോഗ്യ പദ്ധതികളിൽ സർക്കാർ സ്വകാര്യ ആശുപത്രികൾക്കും കമ്പനികൾക്കും കോടികളാണ് കുടിശിക ഉള്ളത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ അടക്കം ആരോഗ്യ പദ്ധതികളുമായി ബന്ധപ്പെട്ട കടം വീട്ടാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ഓവർ ഡ്രാഫ്റ്റ്‌ എടുക്കാൻ ആലോചിച്ച് ആരോഗ്യ വകുപ്പ്. ഇത് സംബന്ധിച്ചുള്ള പ്രാഥമിക യോഗം സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷനുമായും സ്വകാര്യ മെഡിക്കൽ കോളേജ് അധികൃതരുമായും പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ട്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെ വിവിധ ആരോഗ്യ പദ്ധതികളിൽ സർക്കാർ സ്വകാര്യ ആശുപത്രികൾക്കും കമ്പനികൾക്കും കോടികളാണ് കുടിശ്ശികയുള്ളത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ മാത്രം ആരോഗ്യ വകുപ്പ് നൽകാനുള്ളത് 1600 കോടിയിലധികം രൂപയാണ്. ഇതിൽ 600 കോടിയിലധികം രൂപയാണ് സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകൾക്ക് കിട്ടാനുള്ളത്. പണം കിട്ടാതെ ചികിത്സയുമായി മുന്നോട്ടുപോകാൻ ആകില്ലെന്ന് മാനേജ്മെന്റ് നിലപാടെടുത്തതോടെ ആണ് ഓവർ ഡ്രാഫ്റ്റ്‌ എടുക്കുന്ന കാര്യം ആലോചിക്കുന്നത്.

സർക്കാരിന് നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ഈ പണം ഉടൻ ഒന്നും കൊടുത്തു തീർക്കാൻ ആകില്ല. പണം കൊടുക്കാത്ത പക്ഷം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലേയും കാരുണ്യ ബനവലൻ്റ് ഫണ്ടിലെയും അടക്കം സൗജന്യ ചികിത്സ സ്വകാര്യ മേഖലയിൽ പൂർണമായും മുടങ്ങുകയും ചെയ്യും. സർക്കാർ മേഖലയിലാകട്ടെ നിലവിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉള്ള ഇംപ്ലാൻ്റുകളുടെ വിതരണം കമ്പനികൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഉൾപ്പെടെ അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.

ഇങ്ങനെ തുടർന്നാൽ വലിയ പ്രതിസന്ധി നേരിടും എന്നത് മുന്നിൽക്കണ്ടാണ് ഓവർ ഡ്രാഫ്റ്റ്‌ എടുത്ത് പണം നൽകാൻ നീക്കം. പക്ഷെ കടമെടുത്താൽ ചില വ്യവസ്ഥകൾ ഉണ്ട്. ഓവർ ഡ്രാഫ്റ്റ് എടുത്ത് പണം നൽകാൻ തീരുമാനിച്ചാൽ ആശുപത്രി മാനേജ്മെൻ്റുകൾ ചെറിയ വിട്ടുവീഴ്ചയ്ക്ക് തയാറാകണം. ഒറ്റത്തവണയായി പണം നൽകും. പക്ഷേ രണ്ടര ശതമാനം കുറവ് വരുത്തും. ഓവർ ഡ്രാഫ്റ്റ്‌ എടുത്താൽ ആറാം മാസം മുതൽ തിരിച്ചടവ് വരും. ഇതു കൂടി മുന്നിൽകണ്ടാണ് രണ്ടര ശതമാനം കുറവ് വരുത്തുന്നത്. ആ തുക തിരിച്ചടവിന് ഉപയോഗിക്കാം എന്നാണ് വിലയിരുത്തൽ.

ഒറ്റത്തവണ തീർപ്പാക്കുകയും രണ്ടര ശതമാനം കുറവ് വരികയും ചെയ്താൽ അത് വലിയ നഷ്ടം ഉണ്ടാകില്ലെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെൻ്റ് അസോസിയേഷൻ്റെയും സ്വകാര്യ മെഡിക്കൽ കോളേജ് അസോസിയേഷൻ്റെയും നിലപാട്. പദ്ധതികളുടെ നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ആദ്യഘട്ട ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്.

സർക്കാരിൻ്റെ പൂർണ അനുമതി ലഭിച്ചു കഴിഞ്ഞാൽ ഓവർ ട്രാഫ്റ്റിലേക്ക് കടക്കാനാണ് തീരുമാനം. നിയമസഭ തിങ്കളാഴ്ച തുടങ്ങുന്ന വേളയിൽ ആശുപത്രികളിലെ സൗജന്യ ചികിത്സ മുടങ്ങുന്നതടക്കമുള്ള വിഷയം സഭയിലെത്തിയേക്കും എന്നതുകൂടി മുന്നിൽക്കണ്ടാണ് ആരോഗ്യ വകുപ്പ് അടിയന്തര ഇടപെടൽ നടത്താൻ ഒരുങ്ങുന്നത്.

SCROLL FOR NEXT