തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ചതിനെതിരെ ഡിവൈഎഫ്‌ഐ. ഏത് തരം വര്‍ഗ്ഗീയ രാഷ്ട്രീയത്തെയും തുറന്നെതിര്‍ക്കേണ്ട കാലത്ത് രാഷ്ട്രീയ ഭിന്നതകള്‍ക്കും അഭിപ്രായ ഭിന്നതകള്‍ക്കുമുള്ള മറുപടി വര്‍ഗ്ഗീയ ചാപ്പകളല്ല എന്ന് സമൂഹം തിരിച്ചറിയേണ്ട കാലം കൂടിയാണിതെന്നും അതിനാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇത്തരം പരാമര്‍ശങ്ങള്‍ തിരുത്തണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഡിവൈഎഫ്‌ഐ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശം ശ്രീ നാരായണ ധര്‍മത്തിന് വിരുദ്ധമാണ്. മത ജാതി ഭിന്നതകള്‍ ഉണ്ടാക്കി നാടിനെ കീഴ്‌പ്പെടുത്താനുള്ള സംഘപരിവാര്‍ - ജമാഅത്തെ ഇസ്ലാമി പരിശ്രമങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച് ശക്തമായ പോരാട്ടവും ആശയ സമരവുമാണ് കാലം ആവശ്യപ്പെടുന്നത്. അത്തരം പരിശ്രമങ്ങളെ വിഫലമാക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.
ഇന്ന് എറണാകുളത്ത് വച്ച് നടന്ന പത്ര സമ്മേളനത്തിലായിരുന്നു കഴിഞ്ഞ ദിവസം തനിക്ക് ദുരനുഭവമുണ്ടായെന്ന് പറഞ്ഞ് വെള്ളാപ്പള്ളി 'തീവ്രവാദി' പരാമര്‍ശം നടത്തിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദി ആണെന്നും പ്രായം പോലും മാനിക്കാതെയാണ് തന്നോട് പെരുമാറിയതെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.
'മാധ്യമങ്ങളില്‍ നിന്ന് അങ്ങനെ പ്രതീക്ഷിച്ചില്ല. സത്യാവസ്ഥ എല്ലാവരും മനസിലാക്കണം. വലിയ സമ്മേളനമാണ് ശിവഗിരിയില്‍ നടന്നത്. അതിന് ശേഷം പുറത്ത് ഇറങ്ങിയപ്പോള്‍ 12 കഴിഞ്ഞു. 89 വയസായ എനിക്ക് ചുറ്റും മര്യാദയില്ലാതെ മാധ്യമങ്ങള്‍ വളഞ്ഞു. പിന്നീട് കാണാമെന്നു പറഞ്ഞു. 90% ആളുകള്‍ അത് അംഗീകരിച്ചു. എന്നാല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാത്രം അത് അംഗീകരിച്ചില്ല. റിപ്പോര്‍ട്ടര്‍ റഹീസ് ഈരാറ്റുപേട്ടക്കാരന്‍ ആണ്. അയാള്‍ തീവ്രവാദി ആണ്. അയാളെ ആരോ പറഞ്ഞു വിട്ടതാണ്. അവന്റെ അപ്പൂപ്പന്‍ ആവാനുള്ള പ്രായം ഇല്ലേ എനിക്ക്. അതിന്റെ മര്യാദ കാണിക്കണ്ടെ. ഞാന്‍ എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്. റിപ്പോര്‍ട്ടര്‍ ചാനല്‍ എന്താണ് ചെയ്യുന്നത് എന്ന് അവര്‍ പരിശോധിക്കണം', എന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശ്രീ നാരായണ ധര്‍മത്തിന് വിരുദ്ധമാണ്. മത-ജാതി ഭിന്നതകള്‍ ഉണ്ടാക്കി നാടിനെ കീഴ്‌പ്പെടുത്താന്നുള്ള സംഘപരിവാര്‍ - ജമാഅത്തെ ഇസ്ലാമി പരിശ്രമങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച് ശക്തമായ പോരാട്ടവും ആശയ സമരവുമാണ് കാലം ആവശ്യപ്പെടുന്നത്. അത്തരം പരിശ്രമങ്ങളെ വിഫലമാക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ല.
ഏത് തരം വര്‍ഗ്ഗീയ രാഷ്ട്രീയത്തെയും തുറന്നെതിര്‍ക്കേണ്ട കാലത്ത് രാഷ്ട്രീയ ഭിന്നതകള്‍ക്കും അഭിപ്രായ ഭിന്നതകള്‍ക്കുമുള്ള മറുപടി വര്‍ഗ്ഗീയ ചാപ്പകളല്ല എന്ന് സമൂഹം തിരിച്ചറിയേണ്ട കാലം കൂടിയാണിത്. വെള്ളാപ്പള്ളി നടേശന്‍ ഇത്തരം പ്രസ്ഥാവനകള്‍ തിരുത്തണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.