

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദ്. സാമുദായിക സ്പര്‍ധയുണ്ടാക്കിയ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
'കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഒരു പത്ര സമ്മേളനത്തില്‍ വെള്ളാപ്പള്ളി നടേശനോട് ചോദ്യം ചോദിച്ചു എന്നതിന്റെ പേരില്‍ റഹീസ് റഷീദ് എന്ന മാധ്യമപ്രവര്‍ത്തകനെതിരെ ഇന്ന് നടത്തിയ പത്ര സമ്മേളനത്തില്‍ വെള്ളാപ്പള്ളി തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിക്കുകയുണ്ടായി. പേര് നോക്കി മതം കണ്ടെത്തി മതന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കി ചിത്രീകരിച്ച് പ്രസ്താവന ഇറക്കുന്ന സാമുദായിക നേതാക്കള്‍ കേരളീയ പൊതു സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്,' എന്ന് പരാതിയില്‍ പറയുന്നു.
കുറ്റകരമായ തീവ്രവദാി പരാമര്‍ശം നടത്തി സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ച വെള്ളാപ്പള്ളി നടേശനെതിരെ തനിക്ക് പാരതിയുണ്ടെന്നും പൊലീസ് കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഇന്ന് എറണാകുളത്ത് വച്ച് നടന്ന പത്ര സമ്മേളനത്തിലായിരുന്നു കഴിഞ്ഞ ദിവസം തനിക്ക് ദുരനുഭവമുണ്ടായെന്ന് പറഞ്ഞ് വെള്ളാപ്പള്ളി 'തീവ്രവാദി' പരാമര്‍ശം നടത്തിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദി ആണെന്നും പ്രായം പോലും മാനിക്കാതെയാണ് തന്നോട് പെരുമാറിയതെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.
'മാധ്യമങ്ങളില്‍ നിന്ന് അങ്ങനെ പ്രതീക്ഷിച്ചില്ല. സത്യാവസ്ഥ എല്ലാവരും മനസിലാക്കണം. വലിയ സമ്മേളനമാണ് ശിവഗിരിയില്‍ നടന്നത്. അതിന് ശേഷം പുറത്ത് ഇറങ്ങിയപ്പോള്‍ 12 കഴിഞ്ഞു. 89 വയസായ എനിക്ക് ചുറ്റും മര്യാദയില്ലാതെ മാധ്യമങ്ങള്‍ വളഞ്ഞു. പിന്നീട് കാണാമെന്നു പറഞ്ഞു. 90% ആളുകള്‍ അത് അംഗീകരിച്ചു. എന്നാല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാത്രം അത് അംഗീകരിച്ചില്ല. റിപ്പോര്‍ട്ടര്‍ റഹീസ് ഈരാറ്റുപേട്ടക്കാരന്‍ ആണ്. അയാള്‍ തീവ്രവാദി ആണ്. അയാളെ ആരോ പറഞ്ഞു വിട്ടതാണ്. അവന്റെ അപ്പൂപ്പന്‍ ആവാനുള്ള പ്രായം ഇല്ലേ എനിക്ക്. അതിന്റെ മര്യാദ കാണിക്കണ്ടെ. ഞാന്‍ എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്. റിപ്പോര്‍ട്ടര്‍ ചാനല്‍ എന്താണ് ചെയ്യുന്നത് എന്ന് അവര്‍ പരിശോധിക്കണം', എന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.