ആരോഗ്യമന്ത്രിയുടെ ഫ്ലക്സ് വച്ച് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം 
KERALA

'അന്നം മുടക്കികൾ കടക്ക് പുറത്ത്'; ആരോഗ്യമന്ത്രിയുടെ ഫ്ലക്സ് വച്ച് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം

ഡിവൈഎഫ്ഐ കോവിൽവിള യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്.

Author : ന്യൂസ് ഡെസ്ക്

ആരോഗ്യമന്ത്രി കെ. മുരളീധരൻ്റെ ഫ്ലക്സ് വച്ച് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം. 'അന്നം മുടക്കികൾ കടക്ക് പുറത്ത്' എന്ന മുദ്രാവാക്യമായുള്ള ബാനറുമായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം നടത്തിയത്.

ഡിവൈഎഫ്ഐ കോവിൽവിള യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്. മുൻമന്ത്രി വി ശിവൻകുട്ടി സ്ഥലത്ത് എത്തി പൊതിച്ചോറ് വിതരണം നിർവഹിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 4000 ത്തോളം വരുന്ന ആളുകൾക്ക് ദിനംപ്രതി ഡിവൈഎഫ്ഐ പൊതിച്ചോർ നൽകുന്നുണ്ട്.

മന്ത്രിയുടെ രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടന ഇത് ചെയ്യുന്നുണ്ടോ. മന്ത്രി പ്രസ്താവനയിൽ നിന്ന് പിൻവാങ്ങിയാൽ മാത്രം പോര ഖേദം പ്രകടിപ്പിക്കണമെന്നും വി.ശിവൻകുട്ടി പറഞ്ഞു. പൊതിച്ചോർ പദ്ധതി തിരുവനന്തപുരത്ത് ആദ്യമായി തുടക്കം കുറിച്ച അന്നത്തെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഐ. സാജുവും മെഡിക്കൽ കോളേജിലെ പ്രതിഷേധത്തിൽ പങ്കെടുത്തു.

പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ പരാമർശം വലിയ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു. സർക്കാർ ആശുപത്രികളിൽ ബാനർ കോടി എന്നിവയോടെ സംഘടനകൾ നടത്തുന്ന പൊതിച്ചോർ വിതരണം നിർത്തലാക്കാമെന്നായിരുന്നു പ്രസ്താവന.

കമ്മ്യൂണിറ്റി കിച്ചണിലൂടെ മാത്രമേ ഭക്ഷണ വിതരണം നടത്താവൂ എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതോടെ ജനങ്ങളിൽ നിന്നും ഇടതു സംഘടനകളിൽ നിന്നും കടുത്ത പ്രതിഷേധം ഉയർന്നു. വിമർശനം കടുത്തതോടെ മന്ത്രി നിലപാട് മാറ്റിയെങ്കിലും പ്രതിഷേധം നിർത്താൻ ഡിവൈഎഫ്ഐ തയ്യാറായിട്ടില്ല.

SCROLL FOR NEXT