Source: Social Media
KERALA

"ഇത് മോദിയുടെ കുടുംബ വകയല്ല, സുരേഷിന് അച്ചാരം കിട്ടിയ പണമല്ല"; ദേശീയപാത ഉദ്ഘാടന വിവാദത്തിൽ ബിജെപിയെ വിമർശിച്ച് ഡിവൈഎഫ്ഐ

റോഡിനായി പണം നീക്കി വയ്ക്കുമ്പോൾ അത് മോദിയുടെ അമ്മായിയപ്പന്റെ വകയാണോ എന്ന് ഒരു ചോദ്യം ചോദിച്ചാലോ?

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടന വിവാദത്തിൽ ബിജെപിയെ വിമർശിച്ച് ഡിവൈഎഫ്ഐ. മുഹമ്മദ് റിയാസിനെ പങ്കെടുപ്പിക്കണമെന്ന് പറയുന്നത് കേന്ദ്ര ഗവൺമെന്റിന്റെ ഔദാര്യമല്ലെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാൻ പറഞ്ഞു. സംസ്ഥാനത്തിന്റെ അവകാശത്തെ കേന്ദ്രം അട്ടിമറിച്ചു. ഇത് നരേന്ദ്രമോദിയുടെ കുടുംബ വകയല്ല. സുരേഷിന് അച്ചാരം കിട്ടിയ പണമല്ല. റോഡും കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യുമ്പോൾ രാജീവ് ചന്ദ്രശേഖറിനെ അല്ല അവിടെ കയറ്റി ഇരുത്തേണ്ടതെന്നും ഷിജു ഖാൻ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ റോഡിനായി പണം നീക്കി വയ്ക്കുമ്പോൾ അത് മോദിയുടെ അമ്മായിയപ്പന്റെ വകയാണോ എന്ന് ഒരു ചോദ്യം ചോദിച്ചാലോ? താങ്കളുടെ തറവാട്ട് വകയിൽ നിന്നാണോ ഈ പണം എന്ന് ഞങ്ങൾ ചോദിച്ചാലോ? ബിജെപി നേതാവ് എസ് സുരേഷ് മുഹമ്മദ് റിയാസിനെ അപമാനിച്ചു. അമ്മായിഅപ്പനോട് പോയി പറയാൻ പറഞ്ഞു. സുരേഷിന്റെ അമ്മായിയപ്പന്റെ പണമാണോ റോഡിനായി ചെലവഴിച്ചത് എന്ന് ചോദിക്കുന്നില്ല.

ദേശീയപാത തലപ്പാടി-രാമനാട്ടുകര സ്ട്രെച്ചിന്റെ ഉദ്ഘാടനത്തിൽ നിന്നും മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ നിന്നാണ് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിനെയും പരിപാടിൽ ഉൾപ്പെടുത്തിയിരുന്നു.

ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്തതിൽ പൊതുമരാമത്ത് മാധ്യമങ്ങളോട് മന്ത്രി അതൃപ്തിയറിയിച്ചിരുന്നു. സാധാരണ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ ഓഫീസ് അറിയിക്കാറുള്ളതാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തവണ വിളിക്കാത്തതെന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിലേക്ക് ബിജെപി സംസ്ഥാന അധ്യക്ഷനെ ക്ഷണിച്ചുവെന്നും സംസ്ഥാനത്തെ വകുപ്പ് മന്ത്രിയെ വെട്ടിയാണോ ബിജെപി അധ്യക്ഷനെ ക്ഷണിക്കുന്നതെന്നും റിയാസ് ചോദിച്ചു.

മന്ത്രി മുഹമ്മദ് റിയാസിനെ അധിക്ഷേപിച്ച് ബിജെപി നേതാവ് എസ്. സുരേഷ് പ്രതികരിച്ചതും ഏറെ വിവാദമായി. മുഹമ്മദ് റിയാസിന് പരാതിയുണ്ടെങ്കിൽ അമ്മായിയപ്പനോട് പറയട്ടെ. മുഖ്യമന്ത്രിയുടെ വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോ എന്നും എസ്. സുരേഷ് പ്രതികരിച്ചു. ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ സംസ്ഥാന സർക്കാരിനും അതൃപ്തി ഉണ്ടായിരുന്നു.

SCROLL FOR NEXT