KERALA

"ആരെങ്കിലും പറയുന്നത് കേട്ട് പറഞ്ഞതല്ല, വ്യക്തതയുള്ള കാര്യങ്ങളെ പറയൂ"; ഷാഫി പറമ്പിലിനെതിരായ പ്രസ്താവനയിൽ ഉറച്ച് ഇ. എൻ. സുരേഷ് ബാബു

അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ അതിൻ്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സുരേഷ് ബാബു മുന്നറിയിപ്പ് നൽകി.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: ഷാഫി പറമ്പിലിനെതിരായ പ്രസ്താവനയിൽ ഉറച്ച് സിപിഐഎം ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബു. ആരെങ്കിലും പറയുന്നത് കേട്ട് പറഞ്ഞതല്ലെന്നും ഇന്നലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും സുരേഷ് ബാബു പറഞ്ഞു. വ്യക്തിപരമായി ഉയരുന്ന അശ്ശീലങ്ങളെ കുറിച്ച് ചർച്ച ചെയ്യൻ സിപിഐഎമ്മിന് താൽപ്പര്യമില്ല. വ്യക്തത ഉണ്ടെങ്കിൽ മാത്രം ഞങ്ങൾ പറയാറുള്ളൂ. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഐഎം എന്നും സുരേഷ് ബാബു വ്യക്തമാക്കി.

അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ അതിൻ്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അവർ ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കുമെന്നും എന്തിനാണ് ഷാഫി രാഹുലിനെ സംരoക്ഷിക്കുന്നതെന്നും സുരേഷ് ബാബു ചോദ്യമുന്നയിച്ചു.

"സതീശൻ്റെ പാർട്ടിയല്ലല്ലോ സിപിഐഎം, സതീശൻ സ്വപ്ന ലോകത്തിരുന്നാണ് കാര്യങ്ങൾ പറയുന്നത്. സതീശൻ്റെ നെഞ്ചത്ത് രാഹുൽ കയറിയപ്പോഴാണ് നടപടി എടുത്തത്. രാഹുലിനെതിരായ തെളിവുകൾക്ക് പിന്നിൽ സതീശനാണ്. സതീശനെതിരെ ഷാഫി പുതിയ ഗ്രൂപ്പ് ഒരുക്കിയതിനാണ് തെളിവുകൾ പുറത്ത് വിട്ടത്", സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ സുരേഷ് ബാബുവിൻ്റെ അധിക്ഷേപ പരാമർശത്തിലെ ആരോപണങ്ങൾ സിപിഐഎം നേതാക്കൾ ഏറ്റെടുക്കാൻ തയ്യാറായില്ല. മുതിർന്ന നേതാക്കളായ എ കെ ബാലനും, എൻ എൻ കൃഷ്ണദാസും നടത്തിയത് പൊതുവായ പ്രതികരണം മാത്രമാണ് നടത്തിയത്. തെളിവുണ്ടെങ്കിൽ പുറത്ത് വന്നതിന് ശേഷം വിഷയം ഏറ്റെടുക്കാo എന്ന സമീപനമാണ് നേതാക്കൾ സ്വീകരിച്ചത്.

ഷാഫി പറമ്പിൽ എതിരായിട്ടുള്ള കാര്യങ്ങൾ നേരത്തെ പൊതു മണ്ഡലത്തിൽ വന്നതാണ് എന്നായിരുന്നു സിപിഐഎം നേതാവ് എൻ.എൻ. കൃഷ്ണദാസിൻ്റെ പ്രതികരണം. ഞങ്ങളെല്ലാ ആദ്യമായി ആരോപണം ഉന്നയിക്കുന്നതെന്നും, കോൺഗ്രസിൻ്റെ രാഷ്ട്രീയ ജീർണതയാണ് വിഷയമെന്നും കൃഷ്ണദാസ് പറഞ്ഞു. ഷാഫി പറമ്പിൽ വിഷയം ഉൾപ്പടെ കോൺഗ്രസ്‌ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണം ഉന്നയിച്ച ജില്ലാ സെക്രട്ടറിക്ക് അത് തെളിയിക്കാൻ കയ്യിൽ തെളിവ് ഉണ്ടാകുമല്ലോ എന്നായിരുന്നു സിപിഐഎം നേതാവ് എ. കെ. ബാലൻ്റെ പ്രതികരണം.

SCROLL FOR NEXT