കൊച്ചി: സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരെ നടപടിയുമായി ഇഡി. 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ജയസൂര്യ. കേസില്‍ രണ്ട് തവണ ഇഡി നടനെ ചോദ്യം ചെയ്തിരുന്നു.
ജയസൂര്യയുടെയും ഭാര്യ സരിതയുടേയും അക്കൗണ്ടിലാണ് പണം എത്തിയത്. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്‌മാന്റെ കമ്പനികളില്‍ നിന്ന് പണം എത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ബ്രാന്‍ഡ് അംബാസിഡര്‍ക്കുള്ള പ്രതിഫലമെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ കബളിപ്പിച്ച് പണം തട്ടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി ശക്തമാക്കിയിരുന്നു. ഇത്തരം ആപ്പുകളുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്നവരെയും തട്ടിപ്പിലെ കൂട്ടാളികളായി കണക്കാക്കി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ ജയസൂര്യക്കെതിരെയും നടപടി സ്വീകരിച്ചത്.