ഇഡി ശുപാര്‍ശയില്‍ കേസെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിച്ച് പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ. ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ട് നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകും. ഇഡി നല്‍കിയ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാരിന്റെ തീരുമാനം സമൂഹം ചര്‍ച്ച ചെയ്യും. കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയമായ കാര്യങ്ങളൊക്കെ പാര്‍ട്ടി സെക്രട്ടറി സംസാരിക്കുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ഇന്ത്യയില്‍ പലയിടത്തും ഇഡിയുടെ അന്വേഷണം, ഇഡി എടുക്കുന്ന മൊഴി, മൊഴിയെടുക്കുന്ന രീതി എന്നിവയെ ബിജെപി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. അങ്ങനെ എതിര്‍ക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന രാഷ്ട്രീയ പാര്‍ട്ടികളിലൊന്നാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസ് നയിക്കുന്നൊരു സംസ്ഥാന സര്‍ക്കാര്‍ ഇഡി നല്‍കിയ റിപ്പോര്‍ട്ട് വിശ്വാസത്തിലെടുത്ത്, ഇതുപോലൊരു അന്വേഷണത്തിന് തീരുമാനമെടുത്തത് സ്വഭാവികമായും സമൂഹം ചര്‍ച്ച ചെയ്യും. മറ്റു വശങ്ങളിലേക്കൊന്നും പോകുന്നില്ലെന്ന് റിയാസ് പറഞ്ഞു.
കോണ്‍ഗ്രസ് ഇതില്‍ സ്വീകരിച്ചിട്ടുള്ള നിലപാട് വ്യക്തമാണ്. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ചോദ്യം ചെയ്തപ്പോഴും, ആ കേസുമായി ബന്ധപ്പെട്ടും, കര്‍ണാടകയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ കേസുമായി ബന്ധപ്പെട്ടും, കര്‍ണാടകയില്‍ പിഡബ്ല്യുഡി മന്ത്രിയുടെ വീട്ടിലും ഓഫീസിലുമായി നടന്ന റെയ്ഡുമായി ബന്ധപ്പെട്ടും ഇഡി എടുക്കുന്ന മൊഴികള്‍, രീതികള്‍ കോണ്‍ഗ്രസ് അതിശക്തമായി എതിര്‍ത്തുണ്ട്. അങ്ങനെയുള്ളൊരു പാര്‍ട്ടി നയിക്കുന്ന സംസ്ഥാനത്ത്, ഇഡി നല്‍കിയ റിപ്പോര്‍ട്ട് വച്ച് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ട് സമൂഹം ചര്‍ച്ച ചെയ്യും.
ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വ്യാജ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതിനെയൊക്കെ നിയമപരമായി നേരിടാനാണ് തീരുമാനം. നോട്ടീസ് അയച്ചിട്ടുണ്ട്. ഏതൊക്കെ നിലയില്‍ മുന്നോട്ടുപോയാലും, ഒരു തെറ്റും ചെയ്തിട്ടില്ല എന്നുള്ളതുകൊണ്ട് നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകും. നിയമപരമായ കാര്യങ്ങളെല്ലാം നിയമവിദഗ്‍ധരുമായി ചര്‍ച്ച ചെയ്ത് മുന്നോട്ടുപോകുമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.