Source: News Malayalam 24x7
KERALA

ഇ.ഡിക്കെതിരായ ആക്രമണം: പൊലീസ് കോടതിയില്‍ ഹാജരാക്കിയ രേഖയിലെ വീഴ്ചയില്‍ സംശയം പ്രകടിപ്പിച്ച് ഇ.ഡി

ആദ്യം അറസ്റ്റിലായ അഞ്ച് പേരുടെ നടപടിക്രമങ്ങളിലാണ് വീഴ്ച സംഭവിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഇ.ഡി ആക്രമണ കേസില്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയ രേഖയില്‍ വീഴ്ചയുണ്ടായതില്‍ സംശയം പ്രകടിപ്പിച്ച് ഇ.ഡി. ആദ്യം അറസ്റ്റിലായ അഞ്ച് പേരുടെ നടപടിക്രമങ്ങളിലാണ് വീഴ്ച സംഭവിച്ചത്.

ഭാരതീയ നാഗരിക് സുരക്ഷ സംഹിത പ്രകാരം നോട്ടീസ് നല്‍കിയതിലാണ് വീഴ്ച പറ്റിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്ട്രേറ്റ് വീഴ്ച കണ്ടെത്തിയിരുന്നു. 24 മണിക്കൂറിനകം പിഴവ് പരിഹരിക്കാന്‍ മജിസ്ട്രേറ്റ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എഴുതുകയായിരുന്നു.

ജാമ്യ ഹര്‍ജിയില്‍ പ്രതി ഭാഗത്തിന്റെ പ്രധാനവാദം ഈ പിഴവ് ആയിരുന്നു. മജിസ്ട്രേറ്റിന് ഇതില്‍ ഇടപെടാന്‍ അധികാരമില്ലെന്നും പ്രതിഭാഗം വാദിച്ചു. സംഭവത്തില്‍ വഞ്ചിയൂര്‍ കോടതിയില്‍ നിന്ന് ഇഡി സംഘം വിവരങ്ങള്‍ ശേഖരിച്ചു.

അതേസമയം ഇ.ഡി ആക്രമണ കേസില്‍ പത്ത് പ്രതികളെ കൂടി തിരിച്ചറിഞ്ഞു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരെ ആണ് തിരിച്ചറിഞ്ഞത്. എന്നാല്‍ അതിക്രമത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കല്‍ അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്. ആസൂത്രണം സംബന്ധിച്ച് മൊഴികള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

സിഎംആര്‍എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ടാണ് ഇഡി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലടക്കം 12 ഇടങ്ങളില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ പിണറായിയുടെ വീടിന് മുന്നില്‍ ഇഡി റെയ്ഡ് നടത്തുമ്പോള്‍ പുറത്ത് നേതാക്കളും അണികളുമടക്കം നിരവധി പേര്‍ എത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണമുണ്ടാവുന്നത്.

SCROLL FOR NEXT