KERALA

'സ്‌റ്റേ ചെയ്തത് എഫ്‌ഐആര്‍ അല്ല'; സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പിണറായിക്കെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് ഇ.ഡി പുതിയ സമന്‍സ് നല്‍കും.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം. വിജിലന്‍സ് കേസിലെ എഫ്‌ഐആര്‍ അല്ല അന്വേഷണം മാത്രമാണ് ഹൈക്കോടതി സ്റ്റേ ചെയ്തതെന്നാണ് നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുത്. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇ.ഡി നിയമോപദേശം തേടിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് ഇ.ഡി പുതിയ സമന്‍സ് നല്‍കും.

കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ അന്വേഷണം ഹൈക്കോടതി തടഞ്ഞത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. തുടര്‍നടപടികള്‍ എല്ലാം നിര്‍ത്തി വയ്ക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിജിലന്‍സ് അന്വേഷണം നേരത്തെ സുപ്രീംകോടതി തടഞ്ഞിരുന്നു. കേസില്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേരള പൊലീസിന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് പിണറായി വിജയന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്ന പിണറായി വിജയന്‍, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീം കോടതി കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് അയച്ചിരുന്നു. കേസില്‍ എഫ്‌ഐആര്‍ ഇടാന്‍ അമിത തിടുക്കം കാണിച്ച സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി പരിഹസിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നിന്നും അനുകൂല വിധിയുണ്ടായി. സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അപ്പീല്‍ ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.

SCROLL FOR NEXT