തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ബാങ്ക് ലോക്കർ ഇ.ഡി പരിശോധിക്കുന്നു. തിരുവനന്തപുരം എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കർ ആണ് പരിശോധിക്കുന്നത്. നാല് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. ഒരു വനിതാ ഉദ്യോഗസ്ഥയും സംഘത്തിലുണ്ട്. ശക്തമായ സുരക്ഷ ബാങ്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വീണയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായ വീണയെ എട്ട് മണിക്കൂറോളമാണ് ഇ.ഡി ചോദ്യം ചെയ്തത്. എസ്എഫ്ഐഒ കണ്ടെത്തലുകളും ഇ.ഡി ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് വീണയെ ചോദ്യം ചെയ്തത്. വീണയ്ക്ക് വീണ്ടും സമൻസ് നൽകിയിരുന്നില്ല. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഇനി ചോദ്യം ചെയ്യൽ എസ്എഫ്ഐഒ രേഖകൾ കിട്ടിയതിനു ശേഷമാകും.
വീണ മാനേജിങ് ഡയറക്ടറായ എക്സാലോജിക് സൊല്യൂഷൻസ് സേവനമൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽ നിന്ന് 2.78 കോടി വാങ്ങിയെന്നാണ് ഇ.ഡി കേസ്. സിഎംആർഎൽ–എക്സാലോജിക് കേസിൽ കരിമണൽ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്. കർത്ത എന്നിവരെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.