

തിരുവനന്തപുരം: ബജറ്റില്‍ പുതിയ തലമറുയ്ക്കായി ജെന്‍സി ആന്‍ഡ് ന്യൂജെന്‍ ടെക്‌നോളജി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ജെന്‍സികള്‍ക്കായി സ്റ്റാര്‍ട്ട് അപ്പുകള്‍ ഇന്നൊവേഷന്‍ ഹബ്ബുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍ സ്മാര്‍ട്ട് വ്യവസായങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിനായി 50 കോടി രൂപയാണ് നീക്കി വച്ചത്.
ലോകത്തെ ഏറ്റവും വേഗത്തല്‍ മാറ്റി മറിക്കുന്ന ശക്തികളിലൊന്നാണ് ജെന്‍സീ. ഡിജിറ്റല്‍ യുഗത്തില്‍ ജനിച്ചു വളര്‍ന്ന ഇവര്‍ക്ക് സാങ്കേതിക വിദ്യ അവിഭാജ്യ ഘടകമാണ്. റോബോട്ടിക്‌സ്, ഡാറ്റ സയന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്, വെര്‍ച്വല്‍ റിയാലിറ്റി, തുടങ്ങിയ മേഖലകളിലെ മുന്നേറ്റങ്ങള്‍ ഇവര്‍ ഏറ്റവും വേഗത്തില്‍ സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് ബജറ്റ് പ്രഖ്യാപന വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ ധാര്‍മികത, സ്വകാര്യതയുടെ സംരക്ഷണം, സൈബര്‍ സുരക്ഷ, മാനുഷിക മൂല്യങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ട് സ്റ്റാര്‍ട്ട് അപ്പുകള്‍, ഇന്നൊവേഷന്‍ ഹബ്ബുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍ സ്മാര്‍ട്ട് വ്യവസായങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിനായി യുവതലമറുയുടെ സൃഷ്ടിപരമായ കഴിവുകളും മികവുകളും സാങ്കേതിക മികവുകളും ഉപയോഗിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തില്‍ മലയാളം എഐ സംരംഭം ആരംഭിക്കുമെന്നും അതിനായി 10 കോടി രൂപ നീക്കി വയ്ക്കുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു. മലയാളത്തിന്റെ ഒരു തുറന്ന ഡാറ്റാ സൈറ്റ് എല്ലാവര്‍ക്കും ലഭ്യമാക്കുകയും വിപണിയില്‍ എത്തിക്കുന്നതിനുമായാണ് പദ്ധതി.