KERALA

ഭൂട്ടാന്‍ വാഹനക്കടത്ത്: ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വസതിയിലടക്കം 17 ഇടങ്ങളില്‍ ഇഡി പരിശോധന

അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല വഴിയുള്ള അതിര്‍ത്തി കടന്നുള്ള പണമടയ്ക്കലുകളും പരിശോധനയില്‍ ഉള്‍പ്പെടുന്നു.

Author : ന്യൂസ് ഡെസ്ക്

ഭൂട്ടാന്‍ വാഹനകടത്തില്‍ 17 ഇടങ്ങളില്‍ പരിശോധനയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ സിനിമാ താരങ്ങളുടെ വീടുകളില്‍ അടക്കം 17 സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്.

എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്ലാണ് പരിശോധന. സ്വകാര്യ സ്ഥാപനങ്ങള്‍, ചില വാഹന ഉടമകള്‍, ഓട്ടോ വര്‍ക്ക് ഷോപ്പുകള്‍, വ്യാപാരികള്‍ എന്നിവയുള്‍പ്പെടെ 17 സ്ഥലങ്ങളിലാണ് ഓപ്പറേഷന്‍ നടന്നത്.

പണമിടപാട്, വിദേശനാണ്യ വിനിമയ നീക്കം എന്നിവ കണ്ടെത്തുന്നതിനായാണ് അന്വേഷണം. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ പ്രഥമദൃഷ്ട്യാ ഉള്ള ലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇഡി നടപടി. അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല വഴിയുള്ള അതിര്‍ത്തി കടന്നുള്ള പണമടയ്ക്കലുകളും പരിശോധനയില്‍ ഉള്‍പ്പെടുന്നു.

കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ഒരു ശൃംഖല വ്യാജ രേഖകള്‍ (ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, എംഇഎ എന്നിവയില്‍ നിന്നുള്ളതാണെന്ന് കരുതപ്പെടുന്നു) ഉപയോഗിച്ചും അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ച് പ്രവര്‍ത്തിച്ചതായി പ്രാഥമിക കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നു.

ഇടുക്കി അടിമാലിയിലും ഇ ഡി പരിശോധന നടന്നു. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ശില്‍പയുടെ കാര്‍ പരിശോധിക്കുന്നു. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് മുമ്പ് കാര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ലാന്‍ഡ് ക്രൂയിസര്‍ വാഹനമാണ് പിടിച്ചത്. ദുബായില്‍നിന്ന് അടക്കം വാങ്ങിയ സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിവരങ്ങളും പരിശോധിച്ച് വരികയാണ്. അഞ്ചുപേരുടെ ഉടമസ്ഥതയ്ക്ക് ശേഷമാണ് വാങ്ങിയത് എന്നാണ് ശില്‍പയുടെ മൊഴി.

SCROLL FOR NEXT