സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാര്‍ശയില്‍ നിയമപരമായ പരിശോധനകള്‍ക്കുശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ല. നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും. ഇഡിയുടെ കത്തിലുള്ളത് ഗൗരവമായ കാര്യങ്ങളാണ്. ഇഡി തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇഡി ഗൗരവമേറിയ തെളിവുകളാണ് കൈമാറിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാസപ്പടി കേസ് മാത്രം അല്ല ഇഡി അയച്ചത്. ഗൗരവമേറിയ വിവരങ്ങൾ ഇഡി കൈമാറിയിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമം അനുസരിച്ചാണ് ഇഡി, ഡിജിപിക്ക് കത്ത് അയച്ചത്. നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ തീരുമാനമെടുക്കും. രാഷ്ട്രീയമില്ല, നിയമം മാത്രമാണ് നോക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ വ്യക്തികളിൽനിന്നും കമ്പനികളിൽനിന്നും സംഭാവന സ്വീകരിക്കാറുണ്ട്. ഈ കേസ് അങ്ങനെയല്ല. അതിനപ്പുറമുള്ള കാര്യങ്ങൾ ഇഡി നൽകിയ കത്തിലുണ്ട്. ന്യായീകരിക്കാൻ മാത്രമാണ് സിപിഐഎം നടക്കുന്നത്. സിപിഐഎം ഇപ്പോൾ പ്രതിരോധത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കള്ളപ്പണ നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ ടി., വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് അയച്ചത്. കത്തില്‍ തുടര്‍ നടപടി സംബന്ധിച്ച് ഡിജിപി അഡ്വക്കേറ്റ് ജനറലില്‍നിന്ന് നിയമോപദേശം തേടിയിരുന്നു. കേസില്‍ അന്വേഷണം സംസ്ഥാന വിജിലന്‍സിനെ ഏല്‍പ്പിക്കണമെന്നാണ് ഡിജിപിയുടെ നിലപാട്.