KERALA

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവർക്കും എൻ. വാസുവിനും ഇഡി സമൻസ്

തന്ത്രിയോട് മാർച്ച് നാലിന് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തന്ത്രി കണ്ഠര് രാജീവർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിനും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ നോട്ടീസ്. മാർച്ച് ആദ്യവാരം ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. തന്ത്രിയോട് മാർച്ച് നാലിന് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എസ്ഐടിയുടെ പ്രതിപ്പട്ടികയിലുള്ള മുഴുവൻ ആളുകളെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നടപടി.

പോറ്റിയുമായുള്ള ബന്ധം, തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള തെളിവുകളിലുള്ള അപര്യാപ്തത തുടങ്ങിയവ പരിഗണിച്ചാണ് വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. സ്വാഭാവിക ജാമ്യമല്ലാത്ത ഈ വിധി തൊണ്ണൂറ് ദിവസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ലഭിച്ചത് തന്ത്രിക്ക് ആശ്വാസമാണ്. അറസ്റ്റിലായി 41–ാം ദിവസമാണ് തന്ത്രിക്ക് ജാമ്യം കിട്ടിയത്. ഇത്ര വേഗത്തില്‍ ജാമ്യം കിട്ടുന്ന ആദ്യ പ്രതിയാണ് തന്ത്രി കണ്ഠര് രാജീവര്‍. തന്ത്രി എന്നുള്ള രീതിയിലാണ് ശബരിമലയില്‍ ഇടപെടല്‍ നടത്തിയതെന്നും സ്വര്‍ണാപഹരണ കേസുകളില്‍ പങ്കില്ലെന്നുമാണ് കോടതിയെ അറിയിച്ചത്.

ശബരിമലയിലെ മണ്ഡലകാലത്ത് ഭക്തർ നൽകുന്ന പണം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും ഒന്നിടവിട്ടുള്ള മണ്ഡലകാലങ്ങളിൽ കണ്ഠര് രാജീവരും കണ്ഠര് മഹേഷും മാറിമാറി വരുമ്പോൾ ഇത്തരത്തിൽ വലിയൊരു തുക അദ്ദേഹത്തിന് ലഭിക്കാറുണ്ടെന്നുമാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നത്.

ഇഡി ചോദ്യം ചെയ്യുമ്പോഴും ഇതേ കാര്യങ്ങൾ തന്നെയാകും തന്ത്രി വിശദീകരിക്കുക. എന്നാൽ പത്തനംതിട്ടയിലെയും കുന്നംകുളത്തെയും ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ തന്ത്രിക്കും കുടുംബത്തിനും കോടികളുടെ നിക്ഷേപമുണ്ടെന്നും തിരുവല്ലയിൽ സ്വന്തമായി കെട്ടിടമുണ്ടെന്നുമുള്ള ആരോപണങ്ങളെ തുടർന്ന് ഇത്രയും വലിയൊരു നിക്ഷേപം നടത്താൻ എങ്ങനെ കഴിഞ്ഞു എന്നതിലാകും ഇഡി പ്രധാനമായും വ്യക്തത തേടുക.

SCROLL FOR NEXT