

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും തന്ത്രിക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ പ്രവേശിക്കാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ രണ്ട് ദിവസം ഹാജരാകണം, കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സമയങ്ങളിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകിയത്.
രണ്ട് കേസുകളിലായി നാല് ലക്ഷം രൂപ ജാമ്യ തുകയായി കോടതിയിൽ നൽകണം. പോറ്റിയുമായുള്ള ബന്ധം, തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള തെളിവുകളിലുള്ള അപര്യാപ്തത തുടങ്ങിയവ പരിഗണിച്ചാണ് ജാമ്യം നൽകിയത്. ഇന്ന് വൈകിട്ടോടെ തന്ത്രി ജയിൽ മോചിതനാകും.
അറസ്റ്റിലായി 41–ാം ദിവസമാണ് തന്ത്രിക്ക് ജാമ്യം കിട്ടിയത്. ഇത്ര വേഗത്തില്‍ ജാമ്യം കിട്ടുന്ന ആദ്യ പ്രതിയാണ് തന്ത്രി കണ്ഠര് രാജീവര്‍. തന്ത്രി എന്നുള്ള രീതിയിലാണ് ശബരിമലയില്‍ ഇടപെടല്‍ നടത്തിയതെന്നും സ്വര്‍ണാപഹരണ കേസുകളില്‍ പങ്കില്ലെന്നുമാണ് കോടതിയെ അറിയിച്ചത്.
പോറ്റി സ്വര്‍ണം കൊണ്ടുപോയി തട്ടിപ്പ് നടത്തിയ വിവരം തന്ത്രി കണ്ഠരര് രാജീവരിന് അറിയാമായിരുന്നു എന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മില്‍ അടുത്ത ബന്ധമുണ്ട്. തന്ത്രിയാണ് പോറ്റിയെ ശബരിമലയില്‍ എത്തിച്ചത്. സ്വര്‍ണം പൊതിഞ്ഞ പാളി എന്ന് അറിയാമായിരുന്നിട്ടും ചെമ്പ് പാളി എന്ന് എഴുതിയ മഹസറില്‍ തന്ത്രി ഒപ്പിട്ടുവെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു.
സ്വർണക്കൊള്ള കേസിൽ കണ്ഠരര് രാജീവര് പതിമൂന്നാം പ്രതിയാണ്. തന്ത്രി പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായി. കട്ടിള പാളിയിലെ സ്വർണം, പ്രഭാപാളി എന്നിവ കൊണ്ടുപോയിട്ടും തന്ത്രി ഇടപെടിട്ടില്ല, ആചാര ലംഘനത്തിന് കൂട്ടുനിന്നു. ഒന്നും ഒൻപതും പത്തും പ്രതികൾക്ക് ഒപ്പം ലാഭം ഉണ്ടാക്കാനും കൂട്ടുനിന്നു എന്നിങ്ങനെയാണ് തന്ത്രിക്കെതിരെ എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.