തിരുവനന്തപുരം: സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാരുടെ നിയമനത്തില്‍ നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാണ് പുതിയ നിര്‍ദേശം.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പൂര്‍ണ്ണമായും ഒഴിവാക്കണം. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. മയക്കുമരുന്ന്, മദ്യപിച്ച് വാഹനമോടിക്കല്‍, ഗുരുതര ട്രാഫിക് നിയമലംഘന കേസുകളില്‍ ഉള്‍പ്പെട്ടവരെ നിയോഗിക്കരുതെന്നാണ് നിര്‍ദേശം.
ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്ന നിബന്ധന പാലിക്കുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.
സ്‌കൂള്‍ കുട്ടികളുമായി പോകുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് മൂന്ന് മാസത്തിലൊരിക്കല്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
എല്ലാ സ്‌കൂള്‍ വാഹനങ്ങളിലും പ്രത്യേകിച്ച് എല്‍കെജി യുകെജി, പ്രമൈമറി തലത്തിലുള്ള കുട്ടികള്‍ യാത്ര ചെയ്യുന്ന ബസുകളില്‍ പരിശീലനം ലഭിചത്ച വനിതാ അറ്റന്‍ഡര്‍മാരുടെ നിര്‍ബന്ധിത സാന്നിധ്യം ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കുട്ടികളുടെ മാനസികാവസ്ഥ കൈകാര്യം ചെയ്യല്‍, അപകടങ്ങള്‍ ഉണ്ടാകുന്ന പക്ഷം പ്രാഥമിക ശുശ്രൂഷ നല്‍കല്‍ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലെ പരിചരണം എന്നീ വിഷയങ്ങളില്‍ സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് കാലാനുസൃത പരിശീലനങ്ങള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശിക്കുന്നുണ്ട്.
അധ്യയന വര്‍ഷത്തിനിടയില്‍ ജീവനക്കാര്‍ ഇടയ്ക്ക് ജോലി നിര്‍ത്തിപ്പോകുന്ന സാഹചര്യം കുറയ്ക്കാന്‍ ഒരു അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ബസ് ജീവനക്കാരെ നിയമിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.