പേരാമ്പ്രയിലും അഴീക്കോടും വര്‍ഗീയ പ്രചാരണം നടന്നു; നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയത തിമിര്‍ത്താടിയെന്ന നിലപാട് ആവര്‍ത്തിച്ച് കെ. കെ. രാഗേഷ്

യുഡിഎഫുമായി ധാരണ ഉണ്ടാക്കുമ്പോള്‍ തന്നെ, 'എല്‍ഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയിട്ടുണ്ട്' എന്ന പെരും നുണ മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും കോണ്‍ഗ്രസും ഒരേപോലെ പ്രചരിപ്പിച്ചെന്നും കെ. കെ. രാഗേഷ്
പേരാമ്പ്രയിലും അഴീക്കോടും വര്‍ഗീയ പ്രചാരണം നടന്നു; നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയത തിമിര്‍ത്താടിയെന്ന നിലപാട് ആവര്‍ത്തിച്ച് കെ. കെ. രാഗേഷ്
Published on
Updated on

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയത തിമിര്‍ത്താടിയെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. പേരാമ്പ്രയിലും അഴീക്കോടും വര്‍ഗീയ പ്രചാരണം നടന്നെന്നും കെ.കെ. രാഗേഷ് പറഞ്ഞു. പേരാമ്പ്രയില്‍ നടന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിത്രത്തില്‍ അമ്പലവും ചേര്‍ത്തുള്ള പ്രചാരണമാണെന്നും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിത്രത്തിനൊപ്പം ചേര്‍ത്തത് പള്ളിയാണെന്നും ഇത് മതം നോക്കി വോട്ട് ചെയ്യണം എന്ന സന്ദേശമായിരുന്നില്ലേ എന്നും കെ.കെ. രാഗേഷ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

'ന്യൂനപക്ഷ വര്‍ഗീയത തിമര്‍ത്താടിയ തെരഞ്ഞെടുപ്പാണ് ഈ തെരഞ്ഞെടുപ്പ്' എന്ന് വ്യക്തമാക്കിയതിന് അര്‍ഥം മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയ പ്രചരണങ്ങളിലൂടെ ഉണ്ടാക്കിയ ന്യൂനപക്ഷ ഏകീകരണം കൊണ്ട് മാത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെട്ടത് എന്നായിരുന്നില്ലെന്ന് പ്രസംഗത്തിന്റെ അടുത്തഭാഗം സാക്ഷ്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്രയിലും അഴീക്കോടും വര്‍ഗീയ പ്രചാരണം നടന്നു; നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയത തിമിര്‍ത്താടിയെന്ന നിലപാട് ആവര്‍ത്തിച്ച് കെ. കെ. രാഗേഷ്
"വലിയ കള്ളത്തരം നടത്തുന്നയാൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കും"; രത്തൻ ഖേൽക്കറിൻ്റെ നിയമനത്തിൽ പ്രതികരിച്ച് വി.കെ. സനോജ്

ആര്‍എസ്എസ്സിന്റെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന ബിജെപി എന്ന നവ ഫാസിസ്റ്റ് സംഘടനക്ക് മതനിരപേക്ഷ കേരളത്തില്‍ വേരുറപ്പിക്കുന്നതിന് അവരുടെ എക്കാലത്തെയും വലിയ ശത്രുവായ ഇടതുപക്ഷത്തെ തകര്‍ത്താല്‍ മാത്രമേ സാധിക്കുകയുള്ളൂ. ആ ലക്ഷ്യത്തിലെത്താന്‍ അവര്‍ തീരുമാനിച്ച നിയമസഭാ മണ്ഡലങ്ങളില്‍ സ്ട്രാറ്റജിക് വോട്ടിങ് നടത്തിയിട്ടുണ്ട്. അതായത് യുഡിഎഫുമായി തന്ത്രപരമായി കൂട്ടുകെട്ട് ഉണ്ടാക്കി കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കാനുള്ള നീക്കം, ഒറ്റയ്ക്ക് നിന്നാല്‍ ഒരു മണ്ഡലത്തിലും ജയിക്കാന്‍ സാധ്യതയില്ലാത്ത ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടായി.

യുഡിഎഫുമായി ധാരണ ഉണ്ടാക്കുമ്പോള്‍ തന്നെ, 'എല്‍ഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയിട്ടുണ്ട്' എന്ന പെരും നുണ മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും കോണ്‍ഗ്രസും ഒരേപോലെ പ്രചരിപ്പിക്കുകയും ചെയ്തു. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഉത്സവപ്പറമ്പില്‍ മാല മോഷ്ടിച്ചോടുന്ന കള്ളന്റെ അതേ തന്ത്രം. കണ്ണൂര്‍ ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ കൃത്യമായി ഇത്തരത്തിലുള്ള സ്ട്രാറ്റജിക് വോട്ടിങ് നടന്നിട്ടുണ്ടെന്നും കെകെ രാഗേഷ് ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'ന്യൂനപക്ഷ വര്‍ഗ്ഗീയത നിറഞ്ഞാടിയ തെരഞ്ഞെടുപ്പ്'' എന്ന എന്റെ ഒരു പ്രസംഗത്തിലെ പരാമര്‍ശം എങ്ങിനെയാണ് ന്യൂനപക്ഷവിഭാഗത്തില്‍പെട്ട സാധാരണ മനുഷ്യര്‍ക്കെതിരാവുന്നത്? കല്യാശ്ശേരിയില്‍ നായനാര്‍ ദിനത്തിന്റെ ഭാഗമായി ഞാന്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമായും രണ്ട് കാര്യങ്ങളാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചത് എന്ന് അത് കേട്ടവര്‍ക്കറിയാം.

ഇടതുപക്ഷം പരാജയപ്പെട്ടതിന് വിവിധ കാരണങ്ങളുണ്ട്. ഏതെങ്കിലും ഒറ്റക്കാരണം കൊണ്ടാണ് കേരളം മുഴുവന്‍ അത്തരത്തില്‍ സംഭവിച്ചത് എന്ന് വിലയിരുത്താന്‍ കഴിയില്ല. വിവിധ പ്രദേശങ്ങളില്‍ വിവിധ ഘടകങ്ങളുടെ സ്വാധീനം പരാജയത്തില്‍ ഉണ്ടായിട്ടുണ്ട്. ആ കാരണങ്ങളെല്ലാം പാര്‍ട്ടി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഘട്ടത്തിലും ശേഷവും നടത്തിയ ചില പരിശോധനകളില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ ഏകീകരിക്കുന്നതിന് വേണ്ടി എത്രയോ കടുത്ത വര്‍ഗീയ പ്രചരണങ്ങള്‍ വിവിധയിടങ്ങളില്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പേരാമ്പ്ര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ അമ്പലത്തിന്റെ ഫോട്ടോയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ പള്ളിയുടെ ചിത്രവും വെച്ചുകൊണ്ടാണ് വര്‍ഗീയവിഷം തുപ്പുന്ന പോസ്റ്ററുകള്‍ പ്രചരിപ്പിച്ചത്. മതം നോക്കി, പള്ളി നോക്കി വോട്ട് ചെയ്യണം എന്ന സന്ദേശം ആയിരുന്നില്ലേ അത്? ഇവിടെ കൃത്യമായും മതത്തെ രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നത്.

അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.വി. സുമേഷ് ക്ഷേത്രക്കുളങ്ങള്‍ നവീകരിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇക്കാര്യത്തെ വിമര്‍ശിച്ചുകൊണ്ട് ക്ഷേത്രക്കുളങ്ങളില്‍ മാത്രമേ സുമേഷിന് താല്പര്യമുള്ളൂ എന്ന് പറഞ്ഞുകൊണ്ട് സുമേഷിനെതിരായിട്ട് വര്‍ഗീയമായിട്ടുള്ള പ്രചരണം നടത്താന്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി തന്നെ മുന്‍കൈ എടുത്തില്ലേ. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളിലൂടെയും കുടുംബയോഗങ്ങളിലൂടെയും എന്തൊക്കെ നുണകളാണ് പ്രചരിപ്പിച്ചത്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായി ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ വരുമ്പോള്‍ അവര്‍ 'മുനാഫിഖുകള്‍' (കപടവിശ്വാസി) ആണെന്നും അവര്‍ ഉമ്മയുടെ മയ്യത്ത് നമസ്‌കാരത്തിന് പങ്കെടുക്കാത്ത ആളുകള്‍ ആണ് എന്നും മറ്റും നികൃഷ്ടമായ പ്രചരണങ്ങളാണ് നടത്തിയത്. എസ്‌ഐആര്‍ നടപ്പിലാക്കിയത് പിണറായി വിജയന്‍ ആണ് എന്നും ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിക്കുകയാണ് എന്നും തുടര്‍ച്ചയായ പ്രചരണങ്ങള്‍ നടന്നു. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും നടത്തിയിട്ടുള്ള ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ന്യൂനപക്ഷ വര്‍ഗീയതയെ ഇളക്കിവിടാനല്ലെങ്കില്‍ മറ്റെന്തിനായിരുന്നു? അതുകൊണ്ടാണ് 'ന്യൂനപക്ഷ വര്‍ഗീയത തിമര്‍ത്താടിയ തെരഞ്ഞെടുപ്പാണ് ഈ തെരഞ്ഞെടുപ്പ്' എന്ന് ഞാന്‍ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയത്. അതിനര്‍ത്ഥം മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയ പ്രചരണങ്ങളിലൂടെ ഉണ്ടാക്കിയ ന്യൂനപക്ഷ ഏകീകരണം കൊണ്ട് മാത്രമാണ് ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെട്ടത് എന്നായിരുന്നില്ലെന്ന് പ്രസംഗത്തിന്റെ അടുത്തഭാഗം സാക്ഷ്യപ്പെടുത്തുന്നു.

ആര്‍എസ്എസ്സിന്റെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന ബിജെപി എന്ന നവ ഫാസിസ്റ്റ് സംഘടനക്ക് മതനിരപേക്ഷ കേരളത്തില്‍ വേരുറപ്പിക്കുന്നതിന് അവരുടെ എക്കാലത്തെയും വലിയ ശത്രുവായ ഇടതുപക്ഷത്തെ തകര്‍ത്താല്‍ മാത്രമേ സാധിക്കുകയുള്ളൂ. ആ ലക്ഷ്യത്തിലെത്താന്‍ അവര്‍ തീരുമാനിച്ച നിയമസഭാ മണ്ഡലങ്ങളില്‍ സ്ട്രാറ്റജിക് വോട്ടിങ് നടത്തിയിട്ടുണ്ട്. അതായത് യുഡിഎഫുമായി തന്ത്രപരമായി കൂട്ടുകെട്ട് ഉണ്ടാക്കി കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കാനുള്ള നീക്കം, ഒറ്റയ്ക്ക് നിന്നാല്‍ ഒരു മണ്ഡലത്തിലും ജയിക്കാന്‍ സാധ്യതയില്ലാത്ത ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടായി. കൃത്യമായ ആസൂത്രണത്തോടെയാണ് ഇരുവിഭാഗങ്ങളിലെയും നേതാക്കള്‍ ഈ കാര്യങ്ങളൊക്കെ നടപ്പാക്കിയത്. പയ്യന്നൂരില്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചതിനേക്കാള്‍ പതിനായിരത്തിലേറെ വോട്ട് ഈ തെരഞ്ഞെടുപ്പില്‍ കാണാനില്ല. അത് നേരെ യുഡിഎഫിന്റെ സ്ഥാനാര്‍ഥിക്ക് മറിച്ചു നല്‍കുകയാണ് ചെയ്തത്. അതുപോലെതന്നെ പേരാവൂരില്‍ ബിജെപിയുടെ എണ്ണായിരത്തോളം വോട്ടും യുഡിഎഫിന് മറിച്ചുനല്‍കി. ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ കഴിയുന്ന ഇടങ്ങളില്‍ യുഡിഎഫിന് വോട്ട് ചെയ്യുകയും തങ്ങള്‍ക്ക് ജയിക്കാന്‍ കഴിയുന്ന ഇടങ്ങളില്‍ യുഡിഎഫില്‍ നിന്ന് വോട്ടുവാങ്ങുകയും ചെയ്യുക എന്ന നിലപാട്, ബിജെപിയുടെ തന്നെ സ്വന്തം ഭാഷയില്‍ പറഞ്ഞാല്‍ സ്ട്രാറ്റജിക് വോട്ടിങ്, ഈ തെരഞ്ഞെടുപ്പില്‍ അവര്‍ സ്വീകരിച്ചിട്ടുണ്ട്. യുഡിഎഫുമായി ധാരണ ഉണ്ടാക്കുമ്പോള്‍ തന്നെ, 'എല്‍ഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയിട്ടുണ്ട്' എന്ന പെരും നുണ മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും കോണ്‍ഗ്രസും ഒരേപോലെ പ്രചരിപ്പിക്കുകയും ചെയ്തു. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഉത്സവപ്പറമ്പില്‍ മാല മോഷ്ടിച്ചോടുന്ന കള്ളന്റെ അതേ തന്ത്രം. കണ്ണൂര്‍ ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ കൃത്യമായി ഇത്തരത്തിലുള്ള സ്ട്രാറ്റജിക് വോട്ടിങ് നടന്നിട്ടുണ്ട്.

ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി കഴിഞ്ഞ 10 വര്‍ഷക്കാലം വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ഒരു സംസ്ഥാനമായിരുന്നു കേരളം. ബംഗാളില്‍ ചെയ്തതുപോലെ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് വര്‍ഗീയതയെ ശക്തിപ്പെടുന്നതിന് വേണ്ടിയുള്ള കുതന്ത്രമാണ് ബിജെപി കേരളത്തിലും ആവിഷ്‌കരിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായിട്ടാണ് തന്ത്രപരമായ വോട്ടിങ്ങിലൂടെ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനും മറുഭാഗത്ത് കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും വോട്ട് വാങ്ങി ചില മണ്ഡലങ്ങളില്‍ വിജയം നേടാനും ബിജെപിക്ക് കഴിഞ്ഞത്. ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയിരിക്കുകയാണെന്ന് നാം കണ്ടു. കോണ്‍ഗ്രസ്സിന്റെ വോട്ട് ഈ മണ്ഡലങ്ങളില്‍ ബിജെപിക്ക് മറിച്ച് നല്‍കുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേമം മണ്ഡലത്തില്‍ ഏഴായിരത്തോളം വോട്ട് കുറഞ്ഞു. ആ വോട്ടിന്റെ ബലത്തിലാണ് ഇടതുപക്ഷത്തെ പരാജയപ്പെടുത്തിക്കൊണ്ട് അവിടെ ബിജെപി ജയിക്കുന്ന സ്ഥിതി ഉണ്ടായത്. ഇതുതന്നെയാണ് മറ്റ് മണ്ഡലങ്ങളുടെയും സ്ഥിതി. കോണ്‍ഗ്രസ്സുമായി ഒത്തുചേര്‍ന്ന് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി കേരളരാഷ്ട്രീയത്തില്‍ ഇടംനേടുന്നതിനു്വേണ്ടിയാണ് ബിജെപിയുടെ പരിശ്രമത്തിന് താല്‍ക്കാലികലാഭത്തിനുവേണ്ടി കോണ്‍ഗ്രസ് എല്ലാ ഒത്താശയും നിര്‍ലജ്ജം ചെയ്തുകൊടുത്തു. മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വാസമുള്ള കേരളജനത ഇത് തിരിച്ചറിയുക തന്നെ ചെയ്യും.

ഇത്രയുമായിരുന്നു നായനാര്‍ അനുസ്മരണ പരിപാടിയില്‍ ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം. പൂര്‍ണമായും ശരിയാണ് അതെന്നാണ് നമ്മുടെ മുന്നിലുള്ള അനുഭവം. തങ്ങള്‍ക്കെതിരെ വിമര്‍ശനം വരുമ്പോള്‍, ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും അത് ന്യൂനപക്ഷങ്ങള്‍ക്ക് എതിരായിട്ടുള്ള വിമര്‍ശനമാണെന്ന വ്യാഖ്യാനമാണ് എല്ലായ്‌പോഴും അവതരിപ്പിക്കാറ്. അവര്‍ കയ്യാളുന്ന മാധ്യമസ്ഥാപനങ്ങളും ആ വാദം സ്ഥാപിച്ചെടുക്കാന്‍ നിരന്തരം വാര്‍ത്തകള്‍ ചമച്ചുകൊണ്ടിരിക്കും. ആ പ്രചരണത്തില്‍ വീണുപോകരുതെന്ന് വിനയത്തോടെ ഓര്‍മപ്പെടുത്തട്ടെ. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയ സമീപനങ്ങളെ വിമര്‍ശിക്കുമ്പോള്‍ അത് ഹിന്ദുവിനെതിരായുള്ള വിമര്‍ശനമാണ് എന്ന് ചിത്രീകരിക്കാനാണ് ഇന്ത്യമുഴുവനും ആര്‍എസ്എസ് ശ്രമിച്ചിട്ടുള്ളത്. അതേ രീതിയാണ് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയും പിന്തുടരുന്നത്. അതിനൊപ്പമാണ് മുസ്ലിം ലീഗും. സിപിഐഎം ന്യൂനപക്ഷസംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമായ ഒരു പ്രസ്ഥാനമാണ്. അതിനര്‍ഥം ന്യൂനപക്ഷ വര്‍ഗീയതയുടെ സംരക്ഷകര്‍ എന്നല്ല. ഭൂരിപക്ഷ വര്‍ഗീയതക്കും ന്യൂനപക്ഷ വര്‍ഗീയതക്കും എതിരായിട്ട് ശക്തമായ പോരാട്ടം നടത്തിക്കൊണ്ട് മാത്രമേ നാടിന്റെ മതേതരത്വം സംരക്ഷിക്കാന്‍ കഴിയൂ എന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. കേരളജനതയും നമ്മുടെ ഉന്നതമായ പാരമ്പര്യം കാത്തുസംരക്ഷിക്കുന്നതിനു വേണ്ടി ഇരുവര്‍ഗീയതക്കും എതിരായിട്ട് രംഗത്ത് വരുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

ആര്‍ എസ് എസ്സിന്റെ ഒരു നേതാവ് ഞാന്‍ പറഞ്ഞതിനെ അനുകൂലിച്ചു പ്രസ്താവനയിറക്കിയതു കണ്ടു. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ആര്‍എസ്എസ്സിനാല്‍ നയിക്കുന്ന ബിജെപിയുടെ നവഫാസിസ്റ്റ് നയങ്ങള്‍. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നവര്‍, ന്യൂനപക്ഷവര്‍ഗീയതക്കെതിരെ എന്ന വ്യാജേന ഇത്തരത്തിലുള്ള പ്രസ്താവനയുമായി രംഗത്തുവരുന്നത് പരിഹാസ്യമാണ്. ആ അജണ്ട കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിന് കൃത്യമായും മനസ്സിലാകും.

തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉയര്‍ത്തിയതും സംഘപരിവാറുകള്‍ കേരളം മുഴുവന്‍ പ്രചരിപ്പിച്ചതുമായ ഒരു കാര്യം 2031ലെ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷത്തെ കേരളത്തില്‍ ഇല്ലാതാക്കും എന്നാണ്. പുതിയ മുഖ്യമന്ത്രി വിഡി സതീശനാകട്ടെ സത്യപ്രതിജ്ഞാദിനം തൊട്ട് സംഘപരിവാറിന്റെ ആശ്രിതത്വത്തിലാണ് മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നതും. 'വന്ദേമാതര'ത്തില്‍ തുടങ്ങി ചീഫ് സെക്രട്ടറിനിയമനം വരെ സര്‍വ്വം കാവി മയം! ഇത്തരം കാര്യങ്ങള്‍കൂടി ഇടതുപക്ഷത്തിന്റെ നിലപാടുകളെ വിമര്‍ശിക്കുന്ന നിഷ്‌കളങ്കര്‍ ഓര്‍ത്തുവെക്കേണ്ടതാണ്.

ആര്‍ എസ് എസ് ഉയര്‍ത്തുന്ന ഭൂരിപക്ഷ വര്‍ഗീയതയാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ അതിനെ പ്രതിരോധിക്കേണ്ടത് മതനിരപേക്ഷ രാഷ്ട്രീയത്തിലൂടെയാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ കണ്ണില്‍പൊടിയിട്ട് വോട്ട് നേടി മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ പ്രചരണങ്ങള്‍ മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. ആ കുപ്രചരണങ്ങളില്‍ വീണുപോകാതെ, മതനിരപേക്ഷ കേരളം നിലനിര്‍ത്താന്‍ സിപിഐ(എം)ന് ശക്തിപകരുക എന്നതാണ് കാലം നമ്മിലേല്‍പിക്കുന്ന ദൗത്യം.

News Malayalam 24x7
newsmalayalam.com