KERALA

സ്‌കൂള്‍ ബാഗുകളുടെ അമിതഭാരം കുറക്കാന്‍ വിദ്യാഭ്യാസ വകുപ്പ്

ബാഗിന്റെ ഭാരം കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തെക്കാള്‍ കൂടരുത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യായന വര്‍ഷം മുതല്‍ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് വകുപ്പിന്റെ തീരുമാനം. ലോവര്‍ പ്രൈമറി വിഭാഗത്തിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. തുടര്‍ന്ന്, വരുന്ന നാലു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ എല്‍പി, യുപി വിദ്യാലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ബാഗിന്റെ ഭാരം കുറയ്ക്കാന്‍ വിവിധ നിര്‍ദേശങ്ങള്‍ വകുപ്പിന്റെ പരിഗണനയിലുണ്ട്. ബാഗിന്റെ ഭാരം കുട്ടിയുടെ ആകെ ശരീരഭാരത്തിന്റെ 10 ശതമാനത്തില്‍ താഴെയായി പരിമിതപ്പെടുത്തണമെന്നതാണ് പ്രധാന നിര്‍ദേശം. ഇതിനായി കുടിവെള്ളവും ഉച്ചഭക്ഷണവും സ്‌കൂളില്‍ തന്നെ ലഭ്യമാക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. കുട്ടികളുടെ ബാഗ് ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസം മൂന്നോ നാലോ വിഷയങ്ങളുടെ ക്ലാസുകള്‍ മാത്രം വരുന്ന വിധത്തില്‍ സ്‌കൂള്‍ സമയക്രമം പുനഃക്രമീകരിക്കണമെന്നും വകുപ്പ് നിര്‍ദേശിക്കുന്നു. അതോടൊപ്പം, പാഠപുസ്തകങ്ങളുടെ രണ്ട് സെറ്റുകള്‍ ലഭ്യമാക്കി ഒന്ന് വീട്ടിലും മറ്റൊന്ന് സ്‌കൂളിലും സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും ഡിജിറ്റല്‍ പഠന സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിക്കണമെന്നും വകുപ്പ് നിര്‍ദേശിക്കുന്നു.

അതോടൊപ്പം, തുടര്‍നടപടികള്‍ സംബന്ധിച്ച് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി നാലംഗ സമിതിയെ യോഗം നിയോഗിക്കുകയും ചെയ്തു. എസ്ഇആര്‍ടി, കൈറ്റ്, ഡിജിഇ, എസ്എസ്‌കെ എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരാണ് സമിതി അംഗങ്ങള്‍. നടപടികള്‍ നിര്‍ദേശിക്കുന്നതോടൊപ്പം

പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വിഷയത്തില്‍ ബോധവത്കരണം നല്‍കാനും വകുപ്പ് പദ്ധതികളാവിഷ്‌കരിക്കുന്നുണ്ട്.

SCROLL FOR NEXT