വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി Source: facebook/ V Sivankutty
KERALA

''കുട്ടികൾ കളറായി വരട്ടെ''; ആഘോഷങ്ങൾക്ക് സ്കൂളിലേക്ക് വർണ വസ്ത്രങ്ങൾ ധരിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി

യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടതിൻ്റെ ഭാഗമായാണ് ഈ മാറ്റം.

Author : ന്യൂസ് ഡെസ്ക്

സ്കൂളിൽ ഓണം, ക്രിസ്തുമസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങളിൽ ഇനി മുതൽ വിദ്യാർഥികൾക്ക് വർണ വസ്ത്രം ധരിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതു സംബന്ധിച്ച് ഉത്തരവായെന്നും ആഘോഷങ്ങൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടതിൻ്റെ ഭാഗമായാണ് ഈ മാറ്റമെന്നും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

''ഇനി മുതൽ മൂന്ന് പ്രധാന ആഘോഷ ദിവസങ്ങളിൽ സ്കൂളുകൾ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമല്ല. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. ഇത്തരത്തിലൊരു മാറ്റം കൊണ്ടുവരുന്നത് വിദ്യാലയ അന്തരീക്ഷത്തിൽ കൂടുതൽ സന്തോഷവും വർണ്ണാഭമായ ഓർമകളും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്," വി. ശിവൻകുട്ടി കുറിച്ചു.

അതേസമയം ആഘോഷ ദിവസങ്ങളിൽ കുട്ടികൾക്ക് വർണ വസ്ത്രം ധരിക്കാൻ അനുമതി നൽകുന്നതിനെതിരെ അധ്യാപകരിൽ നിന്നും വിമർശനമുയർന്നിരുന്നു. ഇതിനിടെയാണ് ഉത്തരവ് പുറത്തുവന്നത്. 18 വയസുപോലും പൂർത്തിയാവാത്ത കുട്ടികൾ സ്കൂൾ പരിപാടികൾക്കെത്തുമ്പോൾ വർണ വസ്ത്രങ്ങൾ ധരിക്കുന്നത് പലപ്പോഴും അവരെ തിരിച്ചറിയാതിരിക്കാൻ കാരണമാകും. യൂണിഫോം ഇടുമ്പോൾ കുട്ടികളിൽ വേർതിരിവ് പ്രകടമാകില്ലെന്നും, എന്നാൽ വർണ വസ്ത്രങ്ങൾ ധരിക്കുമ്പോൾ സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങളിൽ നിന്നടക്കം വരുന്ന വിദ്യാർഥികൾക്ക് വേർതിരിവ് തോന്നിച്ചേക്കാമെന്നും വിമർശനം ഉയർന്നിരുന്നു.

ഓണത്തിന് സ്കൂളുകൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും നാല് കിലോ അരി വീതം വിതരണം ചെയ്യാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് അരി ലഭിക്കുക.

SCROLL FOR NEXT