
മലയാളികളുടെ പ്രിയ കലാകാരന്‍ കലാഭവന്‍ മണിയുടെ സ്വന്തം നാട്. കൊച്ചിയുടെ നാഗരികതയും തൃശൂരിന്റെ ഗ്രാമീണതയും സംഗമിക്കുന്ന ചാലക്കുടി പട്ടണം ഇത്തവണ കാത്തിരിക്കുന്നത് തൃശൂര്‍ ജില്ലയിലെ തന്നെ ഏറ്റവും വലിയ തദ്ദേശ പോരാട്ടത്തിനായാണ്.
1970 ല്‍ രൂപീകൃതമായ ചാലക്കുടി മുന്‍സിപ്പാലിറ്റി സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ ചെറുപ്പട്ടണങ്ങളില്‍ ഒന്നാണ്. പരമ്പരാഗതമായി യുഡിഎഫിനും കോണ്‍ഗ്രസിനും മേല്‍കോയ്മയുള്ള പ്രദേശമാണെങ്കിലും രൂപീകരണകാലം മുതല്‍ ഇടതുമുന്നണിയും ഐക്യമുന്നണിയും ചാലക്കുടിയില്‍ മാറി മാറി ഭരണം നടത്തിയിട്ടുണ്ട്. 1995ല്‍ പഞ്ചായത്ത് രാജ് ആക്ട് നിലവില്‍ വന്നത് മുതല്‍ ഓരോ തെരഞ്ഞെടുപ്പിലും കൃത്യമായി ഭരണമാറ്റം ഉണ്ടാകുന്നതും പതിവാണ്.
36 തദ്ദേശ വാര്‍ഡുകളിലായി 55,000 ത്തോളമാണ് ഇന്ന് ചാലക്കുടിയിലെ ജനസംഖ്യ. കഴിഞ്ഞ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വലിയ ഭൂരിപക്ഷം ലഭിച്ച നഗരസഭയില്‍, 36ല്‍ 26 സീറ്റ് എന്ന മേല്‍കോയ്മയോടെയാണ് യുഡിഎഫ് ഭരണത്തിലേറിയത്.
എന്നാല്‍ പ്രാദേശിക തര്‍ക്കങ്ങളും ഗ്രൂപ്പ് പോരും പലവട്ടം യുഡിഎഫിനുള്ളില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. നഗരസഭാ അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും കൃത്യമായ ടേം വ്യവസ്ഥയില്‍ തെഞ്ഞെടുത്താണ് മുന്നണിയിലെ ഇത്തരം തര്‍ക്കങ്ങള്‍ മറികടന്നുപോന്നത്. ഇതേ പ്രശ്‌നങ്ങള്‍ ഇത്തവണയും ആവര്‍ത്തിച്ചേക്കാമെങ്കിലും ഭരണം നിലനിര്‍ത്താനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയ മൊബൈല്‍ ഫീക്കല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പദ്ധതിയും, ടൗണ്‍ ഹാള്‍ നിര്‍മാണവും, സുവര്‍ണ്ണ ഗൃഹം പദ്ധതിയുമടക്കം ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണവും ഇതിനായി മുന്നില്‍ കാണുന്നു.
2020 ലെ തദേശ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്. സ്വതന്ത്രരായി വിജയിച്ച മൂന്ന് പേര്‍ കൂടി അടുത്ത കാലത്ത് ഇടതു മുന്നണിക്കൊപ്പം ചേര്‍ന്നു. സ്വതന്ത്രരില്‍ രണ്ട് പേര്‍ കേരള കോണ്‍ഗ്രസ്(എം)ല്‍ അംഗത്വമെടുത്തതും നേട്ടമാണ്. നഗരത്തിലെ വികസന മുരടിപ്പും നിലവിലെ ഭരണസമിതിയുടെ വീഴ്ചകളും ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് എല്‍.ഡി.എഫ് തയ്യാറെടുക്കുന്നത്. ലോക്‌സഭയിലും നിയമസഭയിലും യുഡിഎഫ് ജനപ്രതിനിധികള്‍ ഉണ്ടായിട്ടും വികസനകാര്യങ്ങളില്‍ ചാലക്കുടിക്ക് ഉണ്ടായ പിന്നോട്ടുപോക്ക് ചര്‍ച്ചാ വിഷയമാക്കാനും ഇടതുമുന്നണി ലക്ഷ്യമിടുന്നു.
പരമ്പരാഗതമായി യുഡിഎഫ് അനുഭാവം പുലര്‍ത്തുന്ന നഗരസഭയില്‍ കഴിഞ്ഞ കാലങ്ങളില്‍ എല്‍ഡിഎഫ് പലതവണ ഭരണം നേടിയത് സ്വതന്ത്രന്മാരെ കൂട്ടുപിടിച്ചാണ്. ഓരോ തെരഞ്ഞെടുപ്പിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ നിര്‍ണായക ഘടകങ്ങളായി മാറുമെന്നതും ചാലക്കുടി നഗരസഭയുടെ രാഷ്ട്രീയം പരിശോധിച്ചാല്‍ മനസ്സിലാവും. എന്നാല്‍ പതിവ് രാഷ്ട്രീയ സമവാക്യത്തിന് ചില വാര്‍ഡുകളില്‍ എങ്കിലും വെല്ലുവിളി ഉയര്‍ത്താകുമെന്നാണ് എൻഡിഎയുടെ കണക്ക് കൂട്ടല്‍. ഹിന്ദുത്വ-ഈഴവ വോട്ടുകളുടെ ഏകീകരണവും തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ വിജയവും തദ്ദേശ തെരഞ്ഞെടുപ്പിലും ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് ബിജെപിയും എന്‍.ഡി.എയും പ്രതീക്ഷ വയ്ക്കുന്നുണ്ട്.