മിഥുൻ, വി. ശിവൻകുട്ടി Source: Facebook/ V Sivankutty
KERALA

"അധ്യാപകർക്ക് എന്താണ് ജോലി? അനാസ്ഥയെന്ന് കണ്ടെത്തിയാൽ കടുത്ത നടപടി"; വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വി. ശിവൻകുട്ടി

വൈദ്യുതി കമ്പി സ്കൂൾ കോമ്പൗണ്ട് വഴി പോവാൻ പാടില്ലെന്ന നിർദേശം നേരത്തെ നൽകിയതാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

കൊല്ലം: തേവലക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വേർപാട് ദുഖഃകരമാണെന്നും വീട്ടിലെ മകൻ നഷ്ടപ്പെട്ട സങ്കടമാണുള്ളതെന്നും വിദ്യഭ്യാസമന്ത്രി പറഞ്ഞു. അനാസ്ഥയാണോ എന്നതിൽ വ്യക്തത വന്നിട്ടില്ലെന്ന് പറഞ്ഞ വി. ശിവൻ കുട്ടി, അനാസ്ഥയുണ്ടായെന്ന് കണ്ടെത്തിയാൽ ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു.

സ്കൂൾ പ്രിൻസിപ്പൾ ഉൾപ്പെടെ അധ്യാപകർക്ക് എന്താണ് ജോലിയെന്നായിരുന്നു വി. ശിവൻകുട്ടിയുടെ ചോദ്യം. സ്കൂൾ തുറക്കും മുൻപായി പല തവണ യോഗം ചേർന്നിരുന്നു. എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് പറഞ്ഞു നോട്ട് തന്നെ കൊടുത്തിട്ടുണ്ട്. വൈദ്യുതി കമ്പി സ്കൂൾ കോമ്പൗണ്ട് വഴി പോവാൻ പാടില്ലെന്ന് നിർദേശം നൽകിയത് ആണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

മന്ത്രി ഉച്ചയ്ക്ക് ശേഷം സംഭവസ്ഥലം സന്ദർശിക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കൊല്ലത്ത് പോകുന്നത്. സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി."ഇലക്ട്രിക് ലൈൻ പോകുന്നത് അധ്യാപകർ എല്ലാം കാണുന്നത് അല്ലെ? കാര്യത്തിൽ ഗൗരവമായി അന്വേഷിക്കും. മറ്റു സ്കൂളുകളിൽ സമാനമായി വൈദ്യുതി കമ്പി പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കും," വിദ്യാഭ്യസ മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥിയുടെ മരണത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസര്‍മാരോട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് സ്കൂളിലെ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ(13) മരിച്ചത്. കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനടെയാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. സ്‌കൂളിനോട് ചേര്‍ന്നുള്ള ഇരുമ്പ് ഷീറ്റിട്ട സൈക്കിള്‍ ഷെഡിന് മുകളിലാണ് ചെരുപ്പ് വീണത്. ഇതെടുക്കാന്‍ ഒരു ബെഞ്ച് ഇട്ടതിന് ശേഷം കുട്ടി ഷെഡിന് മുകളിലേക്ക് ഇറങ്ങി. എന്നാല്‍ ഷീറ്റിന് മുകളിലൂടെ പോവുന്ന വൈദ്യുത കമ്പിയില്‍ തട്ടി കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നു.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കുട്ടിയുടെ മരണത്തിന് കാരണം കെഎസ്ഇബിയുടെ വീഴ്ചയാണെന്ന് എംഎല്‍എ ആരോപിക്കുകയും ചെയ്തു. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും വീഴ്ചയുണ്ടായിട്ടുണ്ട്. തേവലക്കര, മൈനാഗപ്പള്ളി പടിഞ്ഞാറെ കല്ലട, മണ്‍റോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്‌കൂള്‍ മാനേജ്‌മെന്റ്. കമ്മിറ്റിയുടെ സെക്രട്ടറിയാണ് സ്‌കൂള്‍ മാനേജര്‍. ആര്‍ക്കും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്നും എംഎല്‍എ പറഞ്ഞു.

SCROLL FOR NEXT