KERALA

അധികാരികളുടെ വാക്ക് കേട്ട് കാടിറങ്ങി; ഒടുവിൽ പാതി തകർന്ന വീടുകളിലേക്ക് മടങ്ങി പോത്തുകല്ലിലെ എട്ട് ആദിവാസി കുടുംബങ്ങൾ

നമ്മുടെ ഭരണസംവിധാനങ്ങളുടെ കടുത്ത അനാസ്ഥയുടെ നേർസാക്ഷ്യമാവുകയാണ് ഈ മടക്കയാത്ര

Author : ന്യൂസ് ഡെസ്ക്

നിലമ്പൂർ: 2018-ലെ മഹാപ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട നിലമ്പൂർ പോത്തുകല്ലിലെ എട്ട് ആദിവാസി കുടുംബങ്ങളും ഒടുവിൽ തിരികെ സ്വന്തം മണ്ണിലേക്ക് മടങ്ങി. അധികൃതരുടെ പൊള്ളയായ വാഗ്ദാനങ്ങൾ കേട്ട് കാടിറങ്ങിയ ഇവര്‍ 8 വർഷമായി കാത്തിരുന്നിട്ടും വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിനാൽ ഗതികെട്ട് തങ്ങളുടെ പഴയ ഭൂമിയിലേക്ക് തന്നെ മടങ്ങിയിരിക്കുകയാണ്. താത്കാലികമായി പുനരധിവസിപ്പിച്ച മുണ്ടേരി വിത്തുകൃഷി ഫാമിലെ ക്വാർട്ടേഴ്സുകളും തകർച്ചയുടെ വക്കിലായതോടെയാണ്, പാതി തകർന്ന സ്വന്തം വീടുകളിലേക്കുള്ള ഇവരുടെ മടക്കം. നമ്മുടെ ഭരണസംവിധാനങ്ങളുടെ കടുത്ത അനാസ്ഥയുടെ നേർസാക്ഷ്യമാവുകയാണ് ഈ മടക്കയാത്ര.

2018-ലെയും 2019-ലെയും പ്രളയത്തിലാണ് പോത്തുകല്ല് തണ്ടൻകല്ല് ആദിവാസി ഊരിലെ എട്ട് കുടുംബങ്ങൾക്ക് സ്വന്തം കിടപ്പാടം നഷ്ടമായത്. തുടർന്ന് താത്കാലിക സംവിധാനമെന്ന നിലയിൽ ഇവരെ മുണ്ടേരി വിത്തുകൃഷി ഫാമിലെ പഴയ ക്വാർട്ടേഴ്സുകളിലേക്ക് മാറ്റിപ്പാർപ്പിക്കുകയായിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും സുരക്ഷിതമായ പുനരധിവാസം മാത്രം യാഥാർത്ഥ്യമായില്ല.

വൈദ്യുതിയും കുടിവെള്ളവുമില്ലാത്ത നരകയാതനയായിരുന്നു ഫാമിലെ ക്വാർട്ടേഴ്സുകളിൽ. ഏതു നിമിഷവും നിലംപൊത്താവുന്ന പഴയ കെട്ടിടങ്ങൾക്കുള്ളിൽ ജീവൻ കയ്യിൽപ്പിടിച്ചാണ് ഇവർ കഴിഞ്ഞുകൂടിയത്. സുരക്ഷിതമായ മറ്റൊരു ഇടമില്ലാതെ വന്നതോടെയാണ്, പ്രളയം തകർത്ത പഴയ വീടുകളിലേക്ക് തന്നെ മടങ്ങാൻ ഈ കുടുംബങ്ങൾ നിർബന്ധിതരായത്.

വിള്ളൽ വീണ ചുമരുകൾക്കും തകർന്ന മേൽക്കൂരയ്ക്കും കീഴിൽ, ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന കൂരകളിലാണ് ഇപ്പോൾ ഇവരുടെ അന്തിയുറക്കം. മാറിമാറി വരുന്ന ഭരണനേതൃത്വങ്ങൾ നൽകിയ പുനരധിവാസ പ്രഖ്യാപനങ്ങളെല്ലാം വെറും പ്രഹസനമായിരുന്നുവെന്ന് ഈ കുടുംബങ്ങളുടെ കണ്ണീർ സാക്ഷ്യപ്പെടുത്തുന്നു. ഒരു വലിയ ദുരന്തത്തിനായി കാത്തുനിൽക്കാതെ, അനാസ്ഥ വെടിഞ്ഞ് ഈ എട്ട് കുടുംബങ്ങൾക്കും സുരക്ഷിതമായ ഒരു മേൽക്കൂര ഒരുക്കാൻ അധികാരികൾ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്.

SCROLL FOR NEXT