

ശരീരം തളർത്തിയപ്പോഴും മനസ് തളരാതെ ജീവിതത്തെ പൂവണിയിച്ച യുവതിയാണ് എറണാകുളം, വൈപ്പിനിലെ എളങ്കുന്നപ്പുഴ സ്വദേശിനി ജിബിന. വേദനകളും, പരിമിതികളും നിറഞ്ഞ ജീവിതത്തിൽ നിന്ന്, സ്നേഹം നിറച്ച സമ്മാനപ്പെട്ടികളിലൂടെ നൂറുകണക്കിന് ജീവിതങ്ങളുടെ സന്തോഷ നിമിഷങ്ങളുടെ ഭാഗമാകുകയാണ് ഓരോ ദിവസവും ജിബിന.
ജന്മനാ കാലുകൾക്ക് ചലനശേഷി കുറഞ്ഞ കുട്ടിയായിരുന്നു ജിബിന. എന്നാൽ കുടുംബം നൽകിയ കരുതലും സ്നേഹവുമാണ് ജിബിനക്ക് താങ്ങും ധൈര്യവുമായത്. 'എനിക്ക് മറ്റുള്ളവരെ പോലെ ജോലിക്ക് പോകാൻ പറ്റില്ല, പക്ഷേ എനിക്കും എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിന്റെ തുടക്കം വളരെ ലളിതമായിരുന്നു. അയൽവീട്ടിലെ കുട്ടിക്ക് നൽകാനായി ജിബിന സ്വന്തം കൈകൊണ്ട് ഒരു സമ്മാനപ്പെട്ടി തയ്യാറാക്കി. പഴയ പത്രക്കടലാസും, റിബണും, പൂക്കളും ഉപയോഗിച്ച് ഭംഗിയിലൊരെണ്ണം.ആ സമ്മാനം കണ്ടവരെല്ലാം ചോദിച്ചു ഇത് എവിടെ നിന്ന് വാങ്ങി? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഏയ്ഞ്ചൽ ആർട്ട് ആൻഡ് ക്രാഫ്റ്റ്സ് എന്ന സംരംഭം പിറക്കാൻ കാരണം.
ഏത് ആഘോഷങ്ങൾക്കും ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന രീതിയിൽ ഗിഫ്റ്റുകൾ ജിബിന കസ്റ്റമൈസ് ചെയ്ത് ഒരുക്കി നൽകും. ചോക്ലേറ്റ് ബോക്സുകൾ, ഫോട്ടോ ഹാംപറുകൾ, പൂക്കൾ കൊണ്ടുള്ള ഡെക്കറേഷനുകൾ, കൈകൊണ്ട് എഴുതിയ കാർഡുകളടക്കം നിർമിച്ച് നൽകും.
ഇളകുന്നപ്പുഴ കണിയാത്ത് വീട്ടിൽ നോർബിൻ റിബേരയുടെയും, ഐറിൻ റിബേരയുടെയും മകളാണ് ജിബിന. സഹോദരൻ ജിബിൻ റിബേര,സഹോദര ഭാര്യ ആനി ലിനെറ്റ് എന്നിവരും കരുതലും സ്നേഹവും കൊണ്ട് ജിബിനയ്‌ക്കൊപ്പമുണ്ട്. കുടുംബമാണ് തന്റെ കൈകാലുകളെന്ന് ജിബിന പറയുന്നു. സ്വന്തം കാലിൽ നിൽക്കുക മാത്രമല്ല ജിബിനയുടെ ലക്ഷ്യം. തന്നെപ്പോലെ ശാരീരിക വെല്ലുവിളികളുള്ളവർക്ക് ജോലി നൽകാനും സ്വയംപര്യാപ്തരാക്കാനും തന്റെ സംരംഭത്തിനാകണമെന്നാണ് ജിബിനയുടെ സ്വപ്നം.