തിരുവനന്തപുരം: വയോജന ദിനത്തിൽ മേയർ ആര്യ രാജേന്ദ്രനൊപ്പം മ്യൂസിയം സന്ദർശിച്ച് നഗരസഭയുടെ അതിഥികൾ. തലസ്ഥാനത്തെ മൂന്ന് അഗതിമന്ദിരങ്ങളിൽ നിന്നുള്ള വയോധികരാണ് മേയർ ആര്യ രാജേന്ദ്രനോടൊപ്പം സമയം ചെലവഴിച്ചത്.
തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള സായാഗ്നം, സാക്ഷാത്കാരം, സാന്ത്വനം എന്നീ കേന്ദ്രങ്ങളിലുള്ളവരാണ് ഒരു ദിവസം നഗരത്തിൽ ചെലവഴിച്ചത്. മാസങ്ങൾക്കിടയിൽ ഒരു വിനോദയാത്ര പതിവ് ആണെങ്കിൽ ഇത്തവണ അത് മ്യൂസിയത്തിലേക്കായിരുന്നു.മേയർ ആര്യ രാജേന്ദ്രനും ഡെപ്യൂട്ടി മേയർ പി.കെ. രാജുവും അതിഥികളെ സ്വീകരിച്ചു. മേയറോട് അവർ സന്തോഷവും സങ്കടങ്ങളും പങ്കുവെച്ചു.
സ്ത്രീകളും പുരുഷന്മാരും അടക്കം 29 പേരാണ് മ്യൂസിയം സന്ദർശിച്ചത്. അവധി ദിനമായതിനാൽ മൃഗശാലയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. അതിന്റെ പരിഭവം ബേബി അറിയിക്കുകയും ചെയ്തു. "മൃഗങ്ങളെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഇവിടെ വന്നപ്പോഴാണ് മൃഗശാല അവധിയാണെന്നറിഞ്ഞത്" ബേബി പറയുന്നു.
നിരവധി ഇടങ്ങളിൽ ഇതിനോടകം സംഘം യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ സ്വപ്നങ്ങൾ ഇനിയും ബാക്കിയാണ്. മരിക്കും മുൻപായി കന്യാകുമാരി കാണണമെന്നാണ് ബേബിയുടെ ആഗ്രഹം. പണ്ട് മകനുമായി പോയ വഴികളും സ്ഥലങ്ങളും ഓർത്തെടുക്കണമെന്നും ബേബി പറയുന്നു.