വയനാട്: മുണ്ടക്കൈ ചൂരല്‍മല പുനര്‍നിര്‍മാണത്തിന് 260 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നല്‍കുക കേരളം ആവശ്യപ്പെട്ടതിന്റെ പത്തില്‍ ഒന്ന് തുക മാത്രമായിരിക്കും. ഒന്‍പത് സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചത് 4645 കോടിയാണ്. അസമിന് മാത്രം 1270 കോടിയുടെ സഹായം ലഭിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയുടെ ഇന്നു ചേര്‍ന്ന യോഗത്തിലാണ് പണം അനുവദിച്ചത്. വെള്ളപ്പൊക്ക പ്രതിരോധപദ്ധതിയില്‍ തിരുവനന്തപുരം നഗരത്തിനും ധനസഹായം അനുവദിച്ചു. തുക എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
2,444 കോടി രൂപയുടെ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് തിരുവനന്തപുരം അടക്കമുള്ള രാജ്യത്തെ 11 നഗരങ്ങളിലെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനും പണം അനുവദിച്ചിരിക്കുന്നത്. അര്‍ബന്‍ ഫ്‌ളഡ് റിസ്‌ക് മാനേജ്‌മെന്റ് പ്രോഗ്രാം എന്നാണ് ഇതിന്റെ പേര്. ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വയനാട് പുനരധിവാസത്തിനായി 2219 കോടി രൂപ അനുവദിക്കണമെന്നായിരുന്നു കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആവശ്യപ്പെട്ടതിന്റെ പത്തിലൊരു ശതമാനം മാത്രമാണ് ലഭിച്ചതെന്നത് പ്രതിസന്ധിയാകും സൃഷ്ടിക്കുക.